അഗർത്തല: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ത്രിപുരയിൽ. സംസ്ഥാനത്ത് വിവിധ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ അദ്ദേഹം പങ്കെടുക്കുമെന്ന് ബിജെപി നേതാവ് സുനിത് സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി മണിക് സാഹ, ത്രിപുരയിൽ ബിജെപിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് ചുമതലയുള്ള മഹേഷ് ശർമ്മ, മഹാരാജ ബിർ ബിക്രം, സംസ്ഥാന പ്രസിഡന്റ് റജിബ് ഭട്ടാചാര്യ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും.
ഉച്ചയ്ക്ക് 12 മണിയോടെ ധലായ് ജില്ലയിലെ അംബാസയിലെ റാലിയിലും പിന്നീട് ഗോമതിയിലും നടക്കുന്ന റാലികളെ ആണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യാനൊരുങ്ങുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാകും രണ്ടാമത്തെ റാലി. തിങ്കളാഴ്ച വീണ്ടും അദ്ദേഹം ത്രിപുരയിലെത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് വിവിധ മേഖലകളിൽ സുരക്ഷ ശക്തമാക്കിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത്. ‘ഉന്നതോ ത്രിപുര, ശ്രേഷ്തോ ത്രിപുര’ എന്ന മുദ്രാവാക്യമുയർത്തി സങ്കൽപ് പത്ര എന്ന പേരിലാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ പെൺകുട്ടി ജനിച്ചാൽ 50,000 രൂപയുടെ ബോണ്ട് അടക്കമുള്ള കാര്യങ്ങള്‍
ബിജെപി ഉറപ്പ് നൽകുന്നു. മെറിറ്റ് അടിസ്ഥാനത്തിൽ കോളേജ് വിദ്യാർഥിനികൾക്ക് സ്‌കൂട്ടി, ഉജ്ജ്വല യോജനപ്രകാരം രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ, സംസ്ഥാനത്ത് വനിതകൾ മാത്രമുള്ള ആദ്യ പോലീസ് ബെറ്റാലിയൻ, എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പ്രസവവാർഡുകൾ തുടങ്ങിയ നിരവധി കാര്യങ്ങളാണ് ബിജെപി ജനങ്ങൾക്ക് വേണ്ടി പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.








