കോഴിക്കോട്: മെഡിക്കൽ കോളേജിനോട് ചേർന്ന പറമ്പിൽ വനവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കൽപ്പറ്റ പാറവയൽ കോളനിയിലെ വിശ്വനാഥൻ ആണ് മരിച്ചത്. സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മിഷൻ പോലീസ് അസിസ്റ്റന്റ് കമ്മീഷണറോടും ആശുപത്രി സൂപ്രണ്ടിനോടും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു.
ഭാര്യയുടെ പ്രസവത്തിനായി എത്തിയ യുവാവിനെ കാണാതായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തെ 15 മീറ്റർ ഉയരമുള്ള മരത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ ഇല്ലാത്ത മോഷണ കുറ്റം ആരോപിച്ച് വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നതായി കുടുംബം ആരോപിച്ചു. പണവും മൊബൈൽ ഫോണും അടക്കം മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തത്. ഇല്ലാത്ത കുറ്റം ആരോപിച്ചതിൽ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷമാണ് ആശുപത്രിയിൽ നിന്ന് കാണാതെ ആയതെന്നും വിശ്വനാഥന്റെ ഭാര്യ മാതാവ് ലീല പറയുന്നു.
Discussion about this post