ന്യൂഡൽഹി: പൊതുപരിപാടിയിൽ വിവാദ പരാമർശവുമായി ജാമിയത് ഉൽമ ഇ ഹിന്ദ് നേതാവ് മൗലാന അർഷാദ് മഅദനി. അള്ളാഹു മാത്രമാണ് ലോകത്തെ ഒരേയൊരു ദൈവം എന്ന ധ്വനിയിൽ ആയിരുന്നു അർഷാദ് മഅദനിയുടെ പരാമർശം. ഇതിൽ പ്രതിഷേധിച്ച് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മറ്റ് മത നേതാക്കൾ സഭവിട്ടു. ഞായറാഴ്ചയായിരുന്നു സംഭവം.
രാമലീല മൈതാനിയിൽ സംഘടിപ്പിച്ച ജാമിയത് ഉൽമ ഇ ഹിന്ദിന്റെ 34ാമത് ജനറൽ സെഷനിൽ ആയിരുന്നു അർഷാദ് മഅദനിയുടെ പരാമർശം. ശ്രീരാമനോ, ബ്രഹ്മാവോ, ശിവനോ ഇല്ലാത്ത കാലത്ത് മനു ആരെയാണ് പ്രാർത്ഥിച്ചിരുന്നത് എന്ന് താൻ പലരോടും ചോദിച്ചിരുന്നു. ഓമിനെയാണ് അവർ ആരാധിച്ചിരുന്നത് എന്നായിരുന്നു ഇതിന് ലഭിച്ച മറുപടി. ഇതിന് ശേഷം ഓമിനെക്കുറിച്ചും താൻ പലരോടും ചോദിച്ചിരുന്നു. അത് വെറും കാറ്റാണെന്ന് ആയിരുന്നു ലഭിച്ച മറുപടി. ആകൃതിയോ, നിറമോ ഒന്നുമില്ലാത്ത എവിടെയും എത്താൻ കഴിയുന്ന ഒന്ന്. ഇത് തന്നെയാണ് അള്ളാഹുവും. സർവ്വ വ്യാപിയാണ്. അതിനാൽ മനു ആരാധിച്ചിരുന്നത് അള്ളാഹുവിനെയാണ്. നിങ്ങൾ അതിനെ ഈശ്വരൻ എന്ന് വിളിക്കുന്നു. ഇംഗ്ലീഷിൽ അതിനെ ഗോഡ് എന്ന് വിളിക്കുന്നു. മനുവും ആദവും ആരാധിച്ചത് അള്ളാഹുവിനെ തന്നെയാണ്. അള്ളാഹു മാത്രമേ ഇവിടെയുള്ളൂവെന്നും അർഷാദ് കൂട്ടിച്ചേർത്തു.
അതേസമയം പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി ജൈന സന്യാസി ആചാര്യ ലോകേഷ് മുനി രംഗത്ത് എത്തി. കെട്ടിച്ചമച്ച കഥ പറഞ്ഞ് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് മഅദനിയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ മഅദനി പറഞ്ഞത് എല്ലാം നുണയാണ്. പരിപാടിയുടെ അന്തരീക്ഷത്തെ അത് സാരമായി ബാധിച്ചെന്നും ലോകേഷ് മുനി കൂട്ടിച്ചേർത്തു.
Discussion about this post