ലണ്ടൻ : ലോകത്തിലെ ഏറ്റവുമധികം സ്‌കോച്ച് വിസ്‌കി ഇറക്കുമതി ചെയ്യുന്ന വിപണിയായി ഇന്ത്യ മാറിയെന്ന് റിപ്പോർട്ട്. സ്‌കോട്ട്ലൻഡിലെ പ്രമുഖ വ്യവസായ സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരം 2022-ൽ ഇറക്കുമതിയിൽ 60% വർധനവാണ് ഉണ്ടായിരിക്കുന്നത്. ഫ്രാൻസിനെ പിന്തള്ളിക്കൊണ്ടാണ് ഇന്ത്യ ഏറ്റവും വലിയ സ്‌കോച്ച് വിസ്‌കി വിപണിയായത്.
സ്‌കോച്ച് വിസ്‌കി അസോസിയേഷന്റെ ( SWA) കണക്ക് പ്രകാരം, ഇന്ത്യ 219 മില്യൺ കുപ്പി സ്‌കോച്ച് ഇറക്കുമതി ചെയ്തു. അതേസമയം ഫ്രാൻസ് ആകെ 205 മില്യൺ മാത്രമാണ് ഇറക്കുമതി ചെയ്തത്. ഇന്ത്യയുടെ വിസ്‌കി വിപണിയുടെ രണ്ട് ശതമാനം മാത്രമാണ് സ്‌കോച്ച് വിസ്‌കി. ഓരോ കുപ്പിക്കും രാജ്യത്ത് 150 ശതമാനം മുതൽ 195 ശതമാനം വരെ കസ്റ്റംസ് തീരുവകളും മറ്റ് തീരുവകളും ഈടാക്കുന്നുണ്ട്. ഇതിനിടെയാണ് സ്‌കോച്ച് വിസ്‌കി വിൽപന വർദ്ധിച്ചത് എന്നതും ശ്രദ്ധേയമാണ്.
സാമ്പത്തിക പ്രതിസന്ധി നിറഞ്ഞ ഒരു വർഷത്തിനിടയിൽ, സ്‌കോച്ച് വിസ്‌കി വ്യവസായം വളർച്ചയുടെ ഒരു പ്രധാന ഘടകമായി തുടർന്നു. സ്‌കോട്ട്ലൻഡിലും യുകെയിലും ഉടനീളം നിക്ഷേപത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് പിന്തുണ നൽകിയെന്ന് എസ്ഡബ്ല്യുഎ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് കെന്റ് പറഞ്ഞു. ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നാൽ സ്‌കോട്ട്‌ലൻഡിൽ നിന്ന് രാജ്യത്തേക്ക് കൂടുതലായി വിസ്കി വിതരണം നടക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.
Discussion about this post