ടി20 ലോകകപ്പിലെ മഹാപോരാട്ടത്തിന് മുന്നോടിയായി, ഇന്ത്യക്കെതിരായ തങ്ങളുടെ മോശം റെക്കോർഡ് സമ്മതിച്ച് പാകിസ്ഥാൻ നായകൻ സൽമാൻ അലി ആഗ. എന്നാൽ ചരിത്രമല്ല, പുതിയ ദിവസത്തിലെ പുതിയ പോരാട്ടമാണ് പ്രധാനമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
“ഇന്ത്യക്കെതിരെ ഞങ്ങൾക്ക് നല്ല റെക്കോർഡ് അല്ല ഉള്ളതെന്നത് സത്യമാണ്. പക്ഷേ ചരിത്രം മാറ്റാൻ നമുക്ക് കഴിയില്ല. ഓരോ ദിവസവും പുതിയതാണ്,” സൽമാൻ അലി ആഗ പറഞ്ഞു. കഴിഞ്ഞ കാര്യങ്ങൾ ആലോചിച്ച് സമ്മർദ്ദത്തിലാകാതെ ഞായറാഴ്ചത്തെ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാക് ടീമിന്റെ പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗ്രൂപ്പ് എയിൽ നിലവിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് ഇന്ത്യയും പാകിസ്ഥാനും. അമേരിക്കയെയും നമീബിയയെയും തകർത്ത് നാല് പോയിന്റും +3.050 എന്ന മികച്ച റൺ റേറ്റുമായി സൂര്യകുമാർ യാദവും സംഘവും ഒന്നാം സ്ഥാനത്താണ്. അമേരിക്കയെയും നെതർലൻഡ്‌സിനെയും തോൽപ്പിച്ച പാകിസ്ഥാൻ നാല് പോയിന്റും +0.932 റൺ റേറ്റുമായി തൊട്ടുപിന്നാലെയുണ്ട്.
ഇരുടീമുകളും ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ആത്മവിശ്വാസത്തിലാണ് കൊളംബോയിൽ ഇറങ്ങുന്നത്. ഞായറാഴ്ച വിജയിക്കുന്ന ടീമിന് സൂപ്പർ എയിറ്റ് യോഗ്യത ഏറെക്കുറെ ഉറപ്പിക്കാം. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബാറ്റിംഗ് നിരയും പാകിസ്ഥാന്റെ സ്പിൻ കരുത്തും തമ്മിലുള്ള പോരാട്ടമായാണ് ക്രിക്കറ്റ് ലോകം ഇതിനെ കാണുന്നത്.












Discussion about this post