ഇസ്താംബൂൾ: ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലേക്ക് ഇന്ത്യ നൽകിയ സഹായഹസ്തത്തിന് നന്ദി അറിയിച്ച് ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരത് സുനൽ. ” ഇന്ത്യയിലെ ജനങ്ങളിൽ നിന്നുള്ള സഹായത്തിന്റെ മറ്റൊരു ബാച്ച് തുർക്കിയിലേക്കുള്ള യാത്രാവഴിയിലാണ്. ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് അവർ തീർത്തും സൗജന്യമായാണ് ഈ സേവനങ്ങൾ എത്തിക്കുന്നത്. നന്ദി ഇന്ത്യ, ഭൂകമ്പത്തെ അതിജീവിച്ച ലക്ഷക്കണക്കിന് ആളുകൾക്ക് നിങ്ങൾ നൽകുന്ന ഓരോ ടെന്റും പുതപ്പും സ്ലീപ്പിംഗ് ബാഗുമെല്ലാം പ്രധാനമാണെന്നും” ഫിരത് സുനൽ ട്വിറ്ററിൽ കുറിച്ചു. വസുധൈവ കുടുംബകം എന്ന ഹാഷ്ടാഗും അദ്ദേഹം ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
ഓപ്പറേഷൻ ദോസ്ത് എന്ന പേരിലാണ് ഇന്ത്യ തുർക്കിയിലേക്കും സിറിയയിലേക്കും അവശ്യസഹായങ്ങളും സേവനങ്ങളും നൽകുന്നത്. ഏഴാമത്തെ ബാച്ചായിട്ടാണ് ജീവൻരക്ഷാ ഉപകരണങ്ങളും മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും കഴിഞ്ഞ ദിവസം അയച്ചത്. 22 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളുമായാണ് ഏഴാമത്തെ ഓപ്പറേഷൻ ദോസ്ത് വിമാനം സിറിയയിലെത്തിയത്.
ഇരുരാജ്യങ്ങളിലുമായി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 37,000 പിന്നിട്ടു. തുർക്കിയിൽ 31,700ഉം സിറിയയിൽ 5700 മരണവുമാണ് സ്ഥിരീകരിച്ചത്. തുർക്കിയിലും സിറിയയിലുമായി 8.7 ലക്ഷം പേർ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി. 2.6 കോടിയിലധികം ജനങ്ങളെ ഭൂകമ്പം ബാധിച്ചുവെന്നാണ് വിലയിരുത്തൽ.












