ന്യൂഡൽഹി: 2019ലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി ആർ പി എഫ് ഹവീൽദാർ നസീർ അഹമ്മദിന്റെ ഓർമ്മകളിൽ വിതുമ്പി ഭാര്യ ഷാസിയ കൗസർ. ഞങ്ങൾ എല്ലാ ദിവസവും അദ്ദേഹത്തെ ഓർമ്മിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനയുണ്ടെങ്കിലും രാജ്യത്തിന് വേണ്ടി അദ്ദേഹം വരിച്ച വീരമൃത്യുവിൽ അഭിമാനമുണ്ടെന്ന് അവർ പറഞ്ഞു.
ഈ ദിവസം വല്ലാത്ത വേദനയാണ് എനിക്ക് സമ്മാനിക്കുന്നത്. എങ്കിലും അദ്ദേഹത്തിന്റെ ഭാര്യ എന്ന് അറിയപ്പെടുന്നത് അഭിമാനകരമാണ്. സി ആർ പി എഫ് എന്നും തങ്ങൾക്കൊപ്പം ഉണ്ട് എന്നത് ആശ്വാസകരമാണെന്നും ഷാസിയ പറഞ്ഞു.
2019 ഫെബ്രുവരി 14നായിരുന്നു സി ആർ പി എഫ് ജവാന്മാരുടെ വാഹന വ്യൂഹത്തിന് നേർക്ക് ഭീകരർ ഐ ഇ ഡി ആക്രമണം നടത്തിയത്. 40 ധീര സൈനികരായിരുന്നു അന്ന് രാജ്യത്തിന് വേണ്ടി ബലിദാനികളായത്.
പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദായിരുന്നു ആക്രമണത്തിന് പിന്നിൽ. 22 വയസ്സുകാരനായ ചാവേർ ഭീകരൻ ആദിൽ അഹമ്മദ് ധർ സൈനിക വാഹന വ്യൂഹത്തിന് നേർക്ക് സ്ഫോടക വസ്തുക്കൾ നിറഞ്ഞ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന 78 ബസുകൾ അടങ്ങിയ സൈനിക വാഹന വ്യൂഹമായിരുന്നു ആക്രമിക്കപ്പെട്ടത്.
ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുൻപ് ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി ഭീകരർക്കും പാകിസ്ഥാനും നൽകി. ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിന് നേർക്ക് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ മുന്നൂറിൽ പരം ഭീകരന്മാർ കൊല്ലപ്പെട്ടു.
Discussion about this post