പട്ന: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി ആർ പി എഫ് കോൺസ്റ്റബിൾ രത്തൻ ഠാക്കൂറിന്റെ മകനെ സൈനികനാക്കുമെന്ന് പിതാവ് റാണിരഞ്ജൻ ഠാക്കൂർ. എന്റെ മകന് ഭാര്യയും രണ്ട് ആണ്മക്കളുമാണ് ഉള്ളത്. അവന്റെ മൂത്ത മകൻ കൃഷ്ണയെ ഞാൻ സൈന്യത്തിൽ ചേർക്കും. സൈനിക വേഷമണിയാൻ തുടിക്കുകയാണ് അവന്റെ ഹൃദയമെന്ന് റാണിരഞ്ജൻ ഠാക്കൂർ വാർത്താ ഏജൻസിയോട് പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിന്റെ നാലാം വാർഷികത്തിൽ, രാജ്യം വീരമൃത്യു വരിച്ച ധീരസൈനികരുടെ ഓർമ്മകൾക്ക് മുന്നിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുകയാണ്. സൈനികരുടെ ത്യാഗത്തെ രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശക്തവും വികസിതവുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാൻ അവരുടെ ധൈര്യം നമ്മെ പ്രേരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
2019 ഫെബ്രുവരി 14നായിരുന്നു സി ആർ പി എഫ് ജവാന്മാരുടെ വാഹന വ്യൂഹത്തിന് നേർക്ക് ഭീകരർ ഐ ഇ ഡി ആക്രമണം നടത്തിയത്. 40 ധീര സൈനികരായിരുന്നു അന്ന് രാജ്യത്തിന് വേണ്ടി ബലിദാനികളായത്. പുൽവാമ ആക്രമണത്തിന് മറുപടിയായി ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിന് നേർക്ക് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ മുന്നൂറിൽ പരം ഭീകരന്മാരാണ് കൊല്ലപ്പെട്ടത്.
Discussion about this post