ശ്രീനഗർ : പുൽവാമ ഭീകരാക്രമണം കഴിഞ്ഞ് നാല് വർഷം തികയുമ്പോൾ ആക്രമണത്തിൽ പങ്കെടുത്ത മിക്ക ഭീകരരെയും നിയമത്തിന് മുന്നിലെത്തിക്കാൻ സാധിച്ചിട്ടുണ്ടെന്ന് കശ്മീർ എഡിജിപി വിജയ് കുമാർ. പാകിസ്താനിൽ ഒളിച്ചിരിക്കുന്ന നാല് ഭീകരർ ഒഴികെ മറ്റെല്ലാവരും ശിക്ഷിക്കപ്പെട്ടുകഴിഞ്ഞുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
19 ഭീകരരാണ് 2019 ലെ ആക്രമണത്തിൽ പങ്കെടുത്തത്. ഇതിൽ എട്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു, ഏഴ് പേർ ഇപ്പോൾ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. നാല് പേർ പാകിസ്താനിൽ ഒളിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൂസ സുലൈമാനി ഉൾപ്പെടെ പുൽവാമ ആക്രമണത്തിൽ പങ്കെടുത്ത ഭീകരരെ ഉടൻ വധിക്കും. കഴിഞ്ഞ ആറ് മാസമായി ജെയ്‌ഷെ ഭീകരർ റിക്രൂട്ട്‌മെന്റ് നടത്തിവരികയാണെന്നും എന്നാൽ അവരെ വളരാൻ അനുവദിക്കില്ലെന്നും വിജയ് കുമാർ പറഞ്ഞു. നിലവില് കശ്മീരിൽ 37 തീവ്രവാദികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരർ ആക്രമണം നടത്തുന്നത്. 2500 ഓളം സൈനികർ 78 ബസുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു. ദേശീയപാത 44ൽ അവന്തിപ്പോരയ്ക്കടുത്ത് സമീപം ഭീകരർ സ്‌ഫോടക വസ്തുക്കൾ നിറച്ച സ്‌കോർപിയോ വാൻ വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റി. ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 40 സൈനികർ വീരമൃത്യു വരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിന് പിന്നാലെ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. പാകിസ്താനിലെ ബാലാകോട്ടിലെ ഭീകരരുടെ പരിശീലനകേന്ദ്രം മിന്നലാക്രമണത്തിൽ ഇന്ത്യൻ സേന തകർത്തു. നിയന്ത്രണ രേഖ മറികടന്ന് അതീവ രഹസ്യമായിട്ടായിരുന്നു സൈന്യത്തിന്റെ നീക്കം.
Discussion about this post