ന്യൂഡൽഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയം രാജ്യത്തിന്റെ ആവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഒരു തിരഞ്ഞെടുപ്പ് എന്നത് വിപ്ലവകരമായ ആശയമാണ്. ഇത് നടപ്പിലാക്കാനുള്ള സമയമായിരിക്കുകയാണെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.
വ്യത്യസ്തമായ തിരഞ്ഞെടുപ്പുകൾ ഒരു ജനാധിപത്യ രാജ്യത്തിന് ബാദ്ധ്യതയാണ് എന്ന് ജനം തിരിച്ചറിയുന്നുണ്ട്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം പ്രധാനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച് കഴിഞ്ഞു. ഇതിന്മേൽ ചർച്ചകളും നടന്ന് കഴിഞ്ഞുവെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തെ ജനാധിപത്യ വിശ്വാസികളെല്ലാം ഈ ആശയത്തിൽ ക്രിയാത്മകമായ ചർച്ചകൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ എഴുപത്തി മൂന്നാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ട് വെച്ചത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും മാസങ്ങളുടെ ഇടവേളകളിൽ തിരഞ്ഞെടുപ്പുകൾ നടക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഇത് രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ടടിക്കുകയാണ്. എല്ലാ തിരഞ്ഞെടുപ്പുകൾക്കും ഒറ്റ വോട്ടർ പട്ടിക എന്ന ആശയവും പ്രധാനമന്ത്രി മുന്നോട്ട് വെച്ചിരുന്നു.
Discussion about this post