ന്യൂഡൽഹി : ലോകത്തെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായ ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ” മേക്ക് ഇൻ ഇന്ത്യ-മേക്ക് ഫോർ ദ വേൾഡ്” എന്നതിന് കീഴിൽ ബഹിരാകാശ മേഖലയിൽ നിരവധി അവസരങ്ങൾ തുറക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസുമായി നടന്ന എയർ ഇന്ത്യ- എയർബസ് കരാറുമായി ബന്ധപ്പെട്ട് നടത്തിയ വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും യോഗത്തിൽ പങ്കെടുത്തു.
ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയുടെയും സ്ഥിരതയുടെയും പ്രശ്‌നമാണെങ്കിലും ആഗോള ഭക്ഷ്യ സുരക്ഷാ പ്രശ്‌നമാണെങ്കിലും ഇന്ത്യയും ഫ്രാൻസും ഒന്നിച്ച് നിന്ന് മികച്ച സംഭാവനകളാണ് നൽകാറുള്ളത്.
റീജിയണൽ കണക്റ്റിവിറ്റി സ്‌കീം (യുഡിഎഎൻ) വഴി രാജ്യത്തിന്റെ വിദൂര ഭാഗങ്ങളെ എയർ കണക്റ്റിവിറ്റി വഴി ബന്ധിപ്പിക്കുകയും, ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് ഉത്തേജനം നൽകുകയും ചെയ്യുന്നുണ്ട്. എയർ ഇന്ത്യ-എയർബസ് പങ്കാളിത്ത കരാറിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഇതിലൂടെ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ആഴത്തിലുള്ള ബന്ധമാണ് പ്രതിഫലിക്കുന്നത് എന്ന് പറഞ്ഞു.
എയർബസിൽ നിന്ന് 250 വിമാനങ്ങൾ വാങ്ങുമെന്ന് ടാറ്റ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്ക്കായി 40 എ350 വൈഡ് ബോഡി ലോംഗ് റേഞ്ച് വിമാനങ്ങളും 210 നാരോ ബോഡി വിമാനങ്ങളുമാണ് വാങ്ങുക. എയർ ഇന്ത്യയുടെ പുനരുജ്ജീവനത്തിന് എയർബസ് സഹായിക്കുന്ന ചരിത്രപരമായ നിമിഷമാണിതെന്ന് എയർബസ് ചീഫ് എക്സിക്യൂട്ടീവ് ഗില്ലൂം ഫൗറി പറഞ്ഞു.
അതേസമയം റഷ്യ-യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാൻ ഇന്ത്യയ്ക്ക് ലോകത്തെ അണിനിരത്താൻ കഴിയുമെന്ന് ഇമ്മാനുവൽ മക്രോൺ പറഞ്ഞു. യുക്രെയ്‌നെതിരെ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാൻ ലോകത്തെ അണിനിരത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യക്ക് സാധിക്കുമെന്നും മക്രോൺ വ്യക്തമാക്കി.
Discussion about this post