ടൊറന്റോ: കാനഡയിലെ മിസിസോഗയിലെ രാമക്ഷേത്രം ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കി തീവ്രവാദികൾ. യുഎസ് ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ക്ഷേത്രം വികൃതമാക്കിയതിനെതിരെ മേഖലയിലുള്ള ഹിന്ദു സമൂഹം വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.
ക്ഷേത്രം വികൃതമാക്കിയതിനെ ശക്തമായി അപലപിക്കുന്നുവെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആവശ്യപ്പെട്ടു. ”മിസിസാഗയിലെ രാമക്ഷേത്രം ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയതിനെ ശക്തമായി അപലപിക്കുകയാണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കനേഡിയൻ അധികൃതരോട് അഭ്യർത്ഥിച്ചിച്ചതായും” ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.
ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗണും സംഭവത്തെ ശക്തമായി അപലപിച്ചു. ഈ വാർത്ത കേട്ടതിൽ അതിയായ ദു:ഖമുണ്ടെന്നും, വിദ്വേഷത്തിന് മേഖലയിൽ സ്ഥാനമില്ലെന്നും പാട്രിക് ബ്രൗൺ പറഞ്ഞു. കാനഡയിൽ നേരത്തേയും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജനുവരിയിൽ ബ്രാംപ്ടണിലുള്ള ഗൗരി ശങ്കർ മന്ദിർ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് വികൃതമാക്കിയിരുന്നു. കഴിഞ്ഞ സെപ്തംബറിൽ കാനഡയിലെ ബിഎപിഎസ് സ്വാമിനാരായണ മന്ദിറും ഖാലിസ്ഥാനി തീവ്രവാദികൾ വിദ്വേഷ ചുവരെത്തുകൾ കൊണ്ട് നശിപ്പിച്ചിരുന്നു.
Discussion about this post