ചെന്നൈ: തുണി അലക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് തമിഴ്നാട്ടിൽ ഡി എം കെ കൗൺസിലറും കൂട്ടാളികളും ചേർന്ന് സൈനികനെ മർദ്ദിച്ച് കൊലപ്പെടുത്തി. തടയാനെത്തിയ സൈനികന്റെ അനുജനെ ക്രൂരമായി മർദ്ദിച്ച് ആശുപത്രിയിലാക്കി. കൃഷ്ണഗിരി ജില്ലയിലെ പോച്ചമ്പള്ളിയിലായിരുന്നു സംഭവം. സംഭവത്തിന് ശേഷം ഒളിവിൽ പോയ കൗൺസിലർ ചിന്നസ്വാമി (50)ക്ക് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചു.
ഗ്രാമത്തിലെ പൊതു ജലസംഭരണിയിൽ നിന്ന് വെള്ളമെടുത്ത് തുണി അലക്കുകയായിരുന്നു സൈനികനായ പ്രഭാകരനും (33) സഹോദരൻ പ്രഭുവും. ഇതിനെ കൗൺസിലറായ ചിന്നസ്വാമി ചോദ്യം ചെയ്തു. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റം നടന്നു.
ഇതിനെ തുടർന്ന് മകൻ രാജപാണ്ടി (30) യെയും കൂട്ടാളികളെയും കൂട്ടി എത്തിയ ചിന്നസ്വാമി, പ്രഭാകരനെ ക്രൂരമായി മർദ്ദിച്ചു. ഇത് തടയാനെത്തിയ പ്രഭുവിനെയും മർദ്ദിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ പ്രഭാകരൻ മരിച്ചു. ഇതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു.
സംഭവം വാർത്തയായതോടെ, ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൗൺസിലറുടെ മകൻ രാജപാണ്ടി, പോലീസുകാരനായ ഗുരുസൂര്യമൂർത്തി, ഗുണനിധി, മണികണ്ഠൻ, മാതയൻ, വെടിയപ്പൻ തുടങ്ങിയവരാണ് അറസ്റ്റിലായത്. ഒളിവിൽ പോയ ചിന്നസ്വാമിക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post