കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അടുത്തുള്ള കേരള ബിവറേജസ് കോർപറേഷന്റെ സൂപ്പർ മാർക്കറ്റ് ഔട്ട്‌ലെറ്റിൽ ബിയർ വാങ്ങാൻ പോയ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ബിയർ കൗണ്ടറിൽ പോയി തണുത്ത ബിയർ ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞതോടെ ബഡ് വൈസർ വാങ്ങി. എന്നാൽ കിട്ടിയത് തണുക്കാത്ത ബിയർ ആയിരുന്നു. കടയിൽ തണുത്ത ബിയർ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് തണുക്കാത്ത ബിയർ തന്നത് എന്ന് ചോദിച്ചപ്പോഴുണ്ടായ അനുഭവമാണ് യുവാവ് വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ബഡ് വൈസർ കമ്പനി ഫ്രിഡ്ജ് നൽകാത്തത് കൊണ്ടാണ് തണുത്ത ബിയർ കൊടുക്കാത്തത് എന്നാണ് അവിടെയുണ്ടായിരുന്ന ജീവനവക്കാരൻ പറയുന്ന ന്യായീകരണം. എന്നാൽ തണുത്ത ബിയർ വേണമെന്ന് പറഞ്ഞതോടെ കടയിലെ ജീവനക്കാർ ഇയാളോട് കയർത്തു. കച്ചവടം മുടക്കാൻ വന്നതാണെന്ന് പറഞ്ഞ ജീവനക്കാർ യുവാവിനെ കടയ്ക്ക് പുറത്താക്കി. ” നീ പോയി പരാതി കൊടുക്ക് ” ” അടിച്ച് നിന്റെ ചെവിക്കല്ല് ഞാൻ പൊട്ടിക്കും ” എന്ന് ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കേൾക്കാം.
ഇത്രയും വിനോദസഞ്ചാരികളെത്തുന് പ്രാധാന്യമുള്ള സ്ഥലത്ത് ഇത്രയും മോശപ്പെട്ട രീതിയിൽ കസ്റ്റമേഴ്‌സിനോട് പെരുമാറുന്ന ഇവരെ വെച്ചാണോ സർക്കാർ ഇത്രയും വരുമാനമാർഗ്ഗമുള്ള ബിസിനസ് നടത്തുന്നത് എന്നാണ് ചോദിക്കുന്നത്.
വീഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇങ്ങനെ പോയാൽ സർക്കാർ എങ്ങനെ ലാഭമുണ്ടാക്കും എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.












