ഓരോ തവണയും കേന്ദ്ര, സംസ്ഥാന ബജറ്റുകള്‍ അവതരിപ്പിക്കുമ്പോള്‍ രാജ്യത്തെ എല്ലാ ജനങ്ങളും ഉറ്റുനോക്കുന്ന ഒന്നുണ്ട്-നികുതി. നികുതി ഘടനയിലെ മാറ്റങ്ങള്‍, ഇളവുകള്‍, ആദായ നികുതി സ്ലാബുകളിലെ വ്യത്യാസം ഇവയെല്ലാം നമ്മുടെ സാമ്പത്തിക സ്ഥിതിയെ നേരിട്ട് ബാധിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ നികുതി എത്ര കൂട്ടിയാലും കുറച്ചാലും ഞങ്ങള്‍ക്കെന്താ എന്ന് കരുതുന്ന ഒരു സംസ്ഥാനമുണ്ട് നമ്മുടെ രാജ്യത്ത്. ഇവിടെയുള്ളവര്‍ക്ക് ആദായനികുതി അടയ്‌ക്കേണ്ട എന്നതാണ് അതിനുള്ള കാരണം.
ഹിമാലയത്തിന്റെ ഭാഗമായ, മലകളും ഹിമാനികളും അനേകം കാട്ടുപുഷ്ങ്ങളും ഉള്‍പ്പെടുന്ന സുന്ദര ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമായ വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമാണ് ആ സംസ്ഥാനം. സിക്കിമിലെ ഏതാണ്ട് 6.74 ലക്ഷം വരുന്ന ജനതയ്ക്ക് ആദായ നികുതി അടയ്‌ക്കേണ്ട.
എന്തുകൊണ്ടാണ് സിക്കിമുകാര്‍ക്ക് മാത്രം ഈ ഇളവ്
വടക്കും വടക്കുകിഴക്കും തിബറ്റ്, കിഴക്ക് ഭൂട്ടാന്‍, പടിഞ്ഞാറ് നേപ്പാള്‍ തെക്കുവശത്ത് പശ്ചിമബംഗാള്‍ എന്നിവരുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് സിക്കിം. ഇതില്‍ ബംഗാള്‍ ഒഴിച്ച് ബാക്കിയുള്ളവ നമ്മുടെ അയല്‍രാജ്യങ്ങളുമാണ്. പണ്ടുകാലത്ത് ഒരു ചെറുരാജ്യമായിരുന്ന സിക്കിം പിന്നീട് ഇന്ത്യയുടെ ഭാഗമാകുകയായിരുന്നു. തങ്ങളുടെ പഴയ നിയമങ്ങള്‍ അതേപടി തുടരുമെന്ന നിബന്ധനയിലാണ് സിക്കിം ഇന്ത്യയോട് ചേര്‍ന്നത്. അതിനാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ 371(എഫ്) അനുച്ഛേദ പ്രകാരം സിക്കിം പ്രത്യേക പദവിയുള്ള സംസ്ഥാനമാണ്.
ഇക്കാരണം കൊണ്ട് സിക്കിമില്‍ ഇപ്പോഴും 1948ലെ സിക്കിം ആദായ നികുതി സംവിധാനമാണ് തുടരുന്നത്. അതിനാല്‍ തന്നെ സിക്കിമിലെ ജനങ്ങള്‍ക്ക് കേന്ദ്രത്തിന് ആദായനികുതി നല്‍കേണ്ടതില്ല. 2008ല്‍ സിക്കിമിലെ നികുതി നിയമങ്ങള്‍ അസാധുവാക്കുകയും സെക്ഷന്‍ 10 (26AAA) പ്രകാരം സംസ്ഥാനത്തെ ജനങ്ങളെ നികുതി അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കിയതായി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ മറ്റെല്ലാ ജനങ്ങള്‍ക്കും നിര്‍ബന്ധമായ പാന്‍ കാര്‍ഡും സിക്കിം ജനതയ്ക്ക് ആവശ്യമില്ല. നേരത്തെ വിപണി നിയന്ത്രകരായ സെബിയും മ്യൂച്വല്‍ ഫണ്ടുകളിലെയും ഓഹരി വിപണികളിലെയും നിക്ഷേപങ്ങള്‍ക്ക് സിക്കുമുകാര്‍ക്ക് പാന്‍ കാര്‍ഡ് ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ചോഗ്യാല്‍ രാജവംശം
ബുദ്ധ സന്ന്യാസിയായിരുന്ന ചോഗ്യാല്‍ ആണ് ഒരുകാലത്ത് സിക്കിം ഭരിച്ചിരുന്നത്. 1890കളിലെ ബ്രിട്ടീഷ് ഇന്ത്യയില്‍ സിക്കിം ഒരു നാട്ടുരാജ്യമായി പരിണമിച്ചു. 1947ന് ശേഷം, സ്വതന്ത്ര ഇന്ത്യയില്‍ സിക്കിം പരമാധികാര പദവി നേടി. ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന സാക്ഷരതയും ആളോഹരി വരുമാനവും ഉള്ള സംസ്ഥാനമായിരുന്നു സിക്കിം. 1973ല്‍ ചോഗ്യാല്‍ കൊട്ടാരത്തിമ് മുമ്പില്‍ രാജഭരണത്തെ എതിര്‍ക്കുന്നവര്‍ കലാപം ആരംഭിച്ചു. അങ്ങനെ 1975ല്‍ അവിടുത്തെ രാജവാഴ്ച അവസാനിച്ചു. 1975ല്‍, 22ാമത് സംസ്ഥാനമായി സിക്കിം ഇന്ത്യയോട് ലയിച്ചു.
ഇംഗ്ലീഷ്, നേപ്പാളി, സിക്കിമീസ്, ലെപ്ച തുടങ്ങിയ ഭാഷകളാണ് സിക്കിമിലുള്ളത്. സംസ്ഥാനത്തെ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഗുരുംഗ്, ലിംബു, മഗര്‍, മുഖിയ, നെവാരി, റായ്, ഷെര്‍പ, തമാംഗ് എന്നീ ഭാഷകളും സിക്കിം ഔദ്യോഗിക ഭാഷകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post