അനിൽ അംബാനി നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായിരുന്ന ടെലികോം കമ്പനി റിലയൻസ് കമ്യൂണിക്കേഷൻസിന്റെ (ആർകോം) വായ്പാ അക്കൗണ്ടിനെ ‘തട്ടിപ്പ്’ (ഫ്രോഡ്) വിഭാഗത്തിൽ ഉൾപ്പെടുത്തിയ നടപടി പിൻവലിച്ച് കനറാ ബാങ്ക്. ബോംബെ ഹൈക്കോടതിയിലാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്.
വായ്പയായി അനുവദിച്ച 1,050 കോടി രൂപ ദുരുപയോഗം ചെയ്‌തെന്നും കിട്ടാക്കടമായെന്നും (എൻപിഎ) കാട്ടിയായിരുന്നു ആർകോമിന്റെ അക്കൗണ്ട് കനറാ ബാങ്ക് കഴിഞ്ഞ നവംബറിൽ തട്ടിപ്പ് വിഭാഗത്തിലാക്കിയത്. വായ്പാത്തുക വകമാറ്റി മ്യൂച്വൽഫണ്ടിലും മറ്റും നിക്ഷേപിച്ചെന്നായിരുന്നു പ്രധാന ആരോപണം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2018ൽ ആർകോം പ്രവർത്തനം നിർത്തിയിരുന്നു. വായ്പകൾ കുടിശികയായതോടെ കമ്പനിക്കെതിരെ ബാങ്കുകൾ പാപ്പരത്ത നടപടിയും (ഇൻസോൾവൻസി) തുടങ്ങിയിരുന്നു.
പാപ്പരത്ത നടപടി ആരംഭിച്ചതിനാൽ തട്ടിപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്താൻ നിയമപരമായി സാധിക്കില്ലെന്ന് കാട്ടി അനിൽ അംബാനി ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തട്ടിപ്പ് മുദ്ര ചാർത്തുംമുമ്പ് ബാങ്ക് തന്റെ വാദം കേട്ടില്ലെന്നും അദ്ദേഹം ഹർജിയിൽ പറഞ്ഞിരുന്നു. തീരുമാനം പിൻവലിക്കുന്നതായി ബാങ്ക് അറിയിച്ചതിനാൽ അനിൽ അംബാനിയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി.
Discussion about this post