ന്യൂഡൽഹി: രാമചരിതമാനസിനെതിരെ വിവാദ പ്രസ്താവന നടത്തിയ സ്വാമി പ്രസാദ് മൗര്യയ്‌ക്കെതിരെ വിമർശനം ഉന്നയിച്ച വനിതാ നേതാക്കൾക്കെതിരെ നടപടിയുമായി സമാജ്‌വാദി പാർട്ടി. റോളി തിവാരി മിശ്ര, റിച്ച സിംഗ് എന്നിവർക്കെതിരെയാണ് പാർട്ടി നടപടി. ഇരുവരേയും പാർട്ടിയിൽ നിന്ന് പുറത്താക്കി.
ഉയർന്ന ജാതിയിൽ പെട്ട പ്രവർത്തകരെ മോശക്കാരാക്കുന്ന രീതിയിലാണ് പാർട്ടിയുടെ പ്രവർത്തനമെന്ന് റിച്ച സിംഗ് പറഞ്ഞു. സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് എല്ലായ്‌പ്പോഴും പാർട്ടി നടത്തുന്നത്. എസ്പിയുടെ പ്രവർത്തകർ ഇപ്പോൾ ഞങ്ങൾക്കെതിരെ ഭീഷണി മുഴക്കുകയാണ്. സമാജ്വാദി പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന് തുടർച്ചയായി സ്ത്രീ വിരുദ്ധ പോസ്റ്റുകൾ വന്നിരുന്നു. ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചത് അവരുടെ അനിഷ്ടത്തിന് കാരണമായി. ആ പാർട്ടി ഒരിക്കലും സ്ത്രീകൾക്ക് പറ്റിയ ഇടമല്ല.
സമാജ്വാദി പാർട്ടിക്കുള്ളിൽ ജനാധിപത്യത്തിന് സ്ഥാനമില്ല. ഒരു നോട്ടീസ് പോലും ഞങ്ങൾക്ക് നൽകിയില്ല. വിശദീകരണം പോലും തേടാതെ ഇത്തരമൊരു നടപടി സ്വീകരിച്ചത് ദൗർഭാഗ്യകരമാണ്. ശ്രീരാമനെ പിന്തുണച്ചതിനും രാമചന്ദ്രമാനസത്തിനെതിരായ പ്രസ്താവനയെ എതിർത്തതുമാണ് തന്നെ പുറത്താക്കാൻ കാരണമെന്നും റിച്ച സിംഗ് പറയുന്നു. അഖിലേഷ് യാദവിന് ഇനിയൊരിക്കലും ഉയർന്ന ജാതിയിൽ പെട്ടവരുടെ ആവശ്യമില്ലെന്ന് വ്യക്തമാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എസ്പി നേതാക്കളും പ്രവർത്തകരും ഉത്തരവാദികളായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post