സംസ്ഥാനത്ത് വരാനിരിക്കുന്ന പ്രതിരോധ ഇടനാഴിയെ അഭിനന്ദിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അവിടെ നിർമ്മിക്കുന്ന പീരങ്കികൾ ഗർജ്ജിച്ച് കഴിഞ്ഞാൽ പിന്നെ പാകിസ്താൻ ലോക ഭൂപടത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. ബുന്ദേൽഖണ്ഡ് മേഖലയിലെ ബന്ദയിൽ നടന്ന കലിഞ്ജർ മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രകൂട്, ബന്ദ, ഝാൻസി, ജലൗൺ, ഹാമിർപൂർ, മഹോബ, ലളിത്പൂർ ഉൾപ്പെടെ ഏഴ് ജില്ലകളിലെ വികസനമാണ് ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ വരുന്നതോടെ സാദ്ധ്യമാകുന്നത്. ചിത്രകൂട് മുതൽ ഡൽഹി വരെയുള്ള യാത്രാസമയം അഞ്ചര മണിക്കൂറായി കുറയുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
മുൻപ് ഇവിടെയുള്ള അമ്മമാർക്കും സഹോദരിമാർക്കും വെള്ളം കിട്ടണമെങ്കിൽ വളരെ ഏറെ ദൂരം യാത്ര ചെയ്യേണ്ടി വരുമായിരുന്നു. എന്നാലിപ്പോൾ എല്ലാ വീടുകളിലും കുടിവെള്ളം ലഭിക്കുകയാണ്. നേരത്തേയും ഇത് സാധ്യമായിരുന്നു. എന്നാൽ ചില ജാതിവാദികളും രാജാക്കന്മാരും അതിന് അനുവദിച്ചില്ല. അവർക്ക് അവരുടെ കുടുംബം മാത്രമായിരുന്നു പ്രധാനം. ബുന്ദേൽഖണ്ഡിനെ അവർ ഒരു രീതിയിലും പരിഗണിച്ചില്ല. ബുന്ദേൽഖണ്ഡിൽ ഇനി ജലക്ഷാമം എന്ന പ്രശ്‌നം ഉണ്ടാകില്ല. ലഖ്നൗവിൽ നടന്ന ആഗോള നിക്ഷേപക ഉച്ചകോടിയിൽ ബുന്ദേൽഖണ്ഡിന്റെ വികസനത്തിന് വേണ്ടി 4.5 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്.
യുവാക്കൾക്ക് ഇപ്പോൾ തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ട സാഹചര്യവുമില്ല. കർഷകർക്ക് അവരുടെ വിളകൾക്കെല്ലാം ഇപ്പോൾ നല്ല വിലയും ലഭിക്കുന്നുണ്ട്. ബുന്ദേൽഖണ്ഡിനെ വികസനവുമായി ബന്ധിപ്പിക്കുന്നതിനാണ് ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ നിർമ്മിച്ചത്. ചിത്രകുട്ടിൽ ഒരു വിമാനത്താവളം വരികയാണ്. പ്രതിരോധ ഇടനാഴിയും നിർമ്മിക്കുന്നുണ്ട്. അവിടെ നിന്നുള്ള പീരങ്കികൾ ഗർജ്ജിച്ച് കഴിഞ്ഞാൽ പിന്നെ പാകിസ്താൻ ലോകത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമാകുമെന്നും” യോഗി ആദിത്യനാഥ് വ്യക്തമാക്കി. പ്രതിരോധമേഖലയിൽ വിദേശവിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് ഉത്തർപ്രദേശ് ഡിഫൻസ് ഇൻഡസ്ട്രിയൽ കോറിഡോർ എന്ന പദ്ധതിക്ക് തുടക്കമിടുന്നത്.
Discussion about this post