പാലക്കാട് : തദ്ദേശ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് എത്തിയത് ഹെലികോപ്റ്ററിൽ. ശിവരാത്രിയോടനുബന്ധിച്ച് ഡ്യൂട്ടിക്ക് കൂടുതൽ പോലീസിനെ വിന്യസിച്ചതിനാൽ സുരക്ഷ മുൻനിർത്തിയായിരുന്നു ഹെലികോപ്റ്റർ യാത്ര. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ ഉൾപ്പെടെ കരുതൽ തടങ്കലിലാക്കിയിരുന്നു. എന്നാലും രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം നടന്നു.
നെടുമ്പാശ്ശേരിയിൽ നിന്ന് ഹെലികോപ്റ്ററിൽ പാലക്കാട് എത്തിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം. ചാലിശേരിയിലൂടെ കടന്നു പോകുമ്പോൾ രണ്ടിടത്ത് വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്ത് നിന്നും പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് ഒന്നര കിലോമീറ്റർ ദൂരമാണ് ഉണ്ടായിരുന്നത്. ഈ ദൂരപരിധിക്കുള്ളിൽ രണ്ടിടങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പ്രതിഷേധം നടത്തിയ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബിനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മറ്റ് നേതാക്കളെയും കരുതൽ തടങ്കലിൽ പാർപ്പിച്ചതായാണ് വിവരം. ഇതിനിടെയാണ് വീണ്ടും പ്രതിഷേധം കനത്തത്.












