പത്മരാജന്‍ സംവിധാനം ചെയ്ത ‘ഇന്നലെ’ സിനിമ മലയാളികളൊന്നും മറക്കാനിടയില്ല. ബസ്സപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിയ ശോഭനയുടെ കഥാപാത്രം ബോധം തെളിഞ്ഞപ്പോള്‍ തന്റെ കഴിഞ്ഞകാലം ജീവിതം മറന്നുപോയിരുന്നു. സ്വന്തം വീടോ, നാടോ, വീട്ടുകാരെയോ എന്തിന് പേര് പോലും ഓര്‍മ്മിയില്ലാത്ത അവസ്ഥ. സ്വന്തം ഭര്‍ത്താവിനെ പോലും ഓര്‍മ്മിക്കാനാകാതെ പുതിയ ജീവിതം ആരംഭിക്കുന്ന ശോഭനയിലാണ് ആ സിനിമ അവസാനിക്കുന്നത്.
പക്ഷേ കാനഡക്കാരിയായ നേഷ പിള്ളയ്ക്ക് ഇത് വെറുമൊരു സിനിമ മാത്രമായിരിക്കില്ല. അവളുടെ ജീവിതത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന ഒരു കഥയായിരിക്കും. കാരണം ഒരിക്കല്‍ തലയ്ക്ക് പരിക്ക് പറ്റി അബോധാവസ്ഥയില്‍ ആയ അവള്‍ ബോധം വന്ന് കണ്ണ് തുറന്നപ്പോള്‍ തനിക്കൊരു മകളും കാമുകനും ഉണ്ടെന്നുള്ള കാര്യം പോലും മറന്നുപോയിരുന്നു. മസ്തിഷ്‌കത്തിനേറ്റ പരിക്ക് 31കാരിയായ നേഷയെ പതിനേഴുകാരിയുടെ ഓര്‍കളിലേക്കാണ് എത്തിച്ചത്. ജീവിതത്തിലെ പതിനാലുവര്‍ഷക്കാലങ്ങള്‍ അവളുടെ ഓര്‍മ്മയില്‍ നിന്നും മാഞ്ഞുപോയിരുന്നു. ടിക്‌ടോക്കിലൂടെ നേഷ തന്നെയാണ് തന്റെ ഈ മറവിയുടെ കാര്യം ലോകവുമായി പങ്കുവെച്ചത്. താന്‍ ഓര്‍മ്മകള്‍ വീണ്ടെടുത്ത് വരുന്നതും അസുഖത്തിന്റെ മറ്റ് വിവരങ്ങളും നേഷ തന്റെ ഫോളോവേഴ്‌സുമായി പങ്കുവെക്കുന്നു.
മറവിയുടെ ഒരു ഘട്ടത്തില്‍ ഇത് 1996 ആണെന്ന് വരെ താന്‍ ധരിച്ചിരുന്നതായി നേഷ അവകാശപ്പെടുന്നുണ്ട്. ഒപ്പമുള്ള സഹോദരിമാര്‍ ഇത്ര വലുതായതും അടുത്തുള്ള കാമുകന്‍ ടാക്‌സി ഡ്രൈവര്‍ അല്ലെന്നും തിരിച്ചറിയുമ്പോള്‍ നേഷ ശരിക്കും ഞെട്ടി. ഒമ്പത് വയസുള്ളപ്പോള്‍ സംഭവിച്ച കാറപകടത്തിലാണ് തനിക്ക് ആദ്യമായി തലയ്ക്ക് പരിക്ക് പറ്റിയതെന്ന് നേഷ ഓര്‍ക്കുന്നു. പിന്നീട് പല തവണയായി തലയ്ക്ക് പരിക്ക് പറ്റി. അതെല്ലാം നേഷയുടെ ഓര്‍മ്മകളില്‍ കാര്യമായ വിള്ളലുകള്‍ വീഴ്ത്തി.
കഴിഞ്ഞ കാലങ്ങളില്‍ പലതവണയായി തനിക്ക് തലയ്ക്ക് ക്ഷതമേറ്റതായി നേഷ പറയുന്നു. ഓരോ തവണയും അതുമൂലം വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നതായും അവര്‍ വ്യക്തമാക്കുന്നു. 2022 ഒക്ടോബറിലും തന്റെ തല ഇടിച്ചതായി നേഷ വീട്ടുകാരോട് പറഞ്ഞു. പക്ഷേ ഇപ്പോഴത് നേഷയ്ക്ക് ഓര്‍ക്കാനാകുന്നില്ല. അന്ന് അതിനുശേഷം അവള്‍ ഉറങ്ങിപ്പോയി. ഉറങ്ങി എഴുന്നേറ്റപ്പോള്‍ അവള്‍ക്ക് പഴയതൊന്നും ഓര്‍ക്കാനാകാതായി. അന്ന് വൈകുന്നേരത്തോടെ തന്റെ പങ്കാളിയെ പോലും ഓര്‍ക്കാത്ത അവസ്ഥയിലായി താനെന്നും ഒരു മകളുണ്ടെന്ന കാര്യം പോലും മറന്നുവെന്നും നേഷ പറയുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ഒരു കാര്യവും തനിക്കിപ്പോള്‍ ഓര്‍മ്മയില്ലെന്നാണ് നേഷ പറയുന്നത്. അത് അത്യന്തം ഭീകരമായ അവസ്ഥയാണെന്നും അവര്‍ പറയുന്നു.
നിരവധി ഡോക്ടര്‍മാരെ കണ്ടുവെങ്കിലും അവര്‍ക്ക് ഒന്നുംതന്നെ തന്റെ കാര്യത്തില്‍ ഒരു വ്യക്തത ഇല്ലെന്നാണ് നേഷ പറയുന്നത്. മാനസികമായ പ്രശ്‌നങ്ങളാണെന്ന് കരുതി അഞ്ചോളം പേരെ കണ്ടുവെങ്കിലും അത്തരം പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പിന്നീട് നാഡീരോഗവിദഗ്ധനെ കണ്ടുവെങ്കിലും എന്താണീ ഓര്‍മ്മ നഷ്ടത്തിന്റെ കാരണമെന്ന് കണ്ടെത്താന്‍ അദ്ദേഹത്തിനും ആയില്ല.
എങ്കിലും കാര്യങ്ങള്‍ പറഞ്ഞ് ഓര്‍മ്മിപ്പിച്ചാല്‍ ഇപ്പോള്‍ ഓര്‍മ്മകള്‍ വീണ്ടെടുക്കാന്‍ കഴിയുന്നുണ്ടെന്നത് വലിയ ആശ്വാസമാണെന്ന് നേഷ പറയുന്നു. ചില സുഹൃത്തുക്കള്‍ തന്നെ ഓര്‍മ്മയുണ്ടോയെന്ന് ചോദിച്ച് മെസേജ് അയക്കുമ്പോള്‍ അതുവരെ ഓര്‍മ്മയില്ലെങ്കിലും അപ്പോള്‍ അവര്‍ ഓര്‍മ്മയില്‍ തെളിയും. ഒരിക്കല്‍ കാര്‍ ഓടിച്ചുകൊണ്ടിരുന്ന ഭര്‍ത്താവിനോട് യൂബര്‍ ഡ്രൈവറാണോ എന്ന് ചോദിക്കുന്നതും അല്ല ഞാന്‍ നിന്റെ കാമുകനാണെന്ന് അദ്ദേഹം മറുപടി പറയുന്നതും ഒരു വീഡിയോ ആയി നേഷ പുറത്തുവിട്ടിട്ടുണ്ട്. 34,000 പേരാണ് ടിക്‌ടോക്കില്‍ നേഷയെ ഫോളോ ചെയ്യുന്നത്. താന്‍ കടന്നുപോകുന്ന അവസ്ഥകളെല്ലാം നേഷ ഫോളോവേഴ്‌സുമായി പങ്കുവെക്കാറുണ്ട്.
Discussion about this post