ന്യൂഡൽഹി : തപാൽ വകുപ്പിന് വേണ്ടി ടൈം ക്യാപ്‌സ്യൂൾ നിർമ്മിച്ച് ഐഐടി വിദ്യാർത്ഥികൾ. 2047 ലെ ഇന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്‌നങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്ന കത്തുകളാണ് ഇതിലുള്ളത്. 750 ലേറെ കത്തുകൾ ഉൾക്കൊള്ളിക്കാൻ പാകത്തിനാണ് ഈ ക്യാപ്‌സ്യൂൾ നിർമ്മിച്ചിരിക്കുന്നത്.
24 വർഷങ്ങൾക്ക് ശേഷമായിരിക്കും ടൈം ക്യാപ്‌സ്യൂൾ തുറക്കുക, അതായത് 2047 ൽ. കേന്ദ്ര സർക്കാർ സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ദേശീയ ഫിലാറ്റലി എക്സിബിഷൻ AMRITPEX 2023-നായി ‘ടൈം ക്യാപ്സ്യൂൾ: ഷെയർ യുവർ വിഷൻ ഓഫ് ഇന്ത്യ @ 2047’ എന്ന വിഷയത്തിൽ ഐഐടി വിദ്യാർത്ഥികൾ ആസൂത്രണം ചെയ്ത പരിപാടിയാണിത്. ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ വെച്ചാണ് ഇത് സംഘടിപ്പിച്ചത്.
സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമ്മിച്ച ഈ തപാലിൽ 750 ലേറെ കത്തുകൾ നിക്ഷേപിക്കാൻ സാധിക്കും. 100 സെന്റീമീറ്റർ ഉയരമുളള ഇതിന്, 75 കിലോയോളം ഭാരമുണ്ട്.
ഐഐടി ഡൽഹിയിലെ മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ നിന്നുള്ള പ്രൊഫ. വിക്രാന്ത് കരായും പ്രൊഫ. ജയന്ത് ജെയിനുമാണ് ടൈം ക്യാപ്സ്യൂൾ രൂപകൽപന ചെയ്യുകയും, വിശകലനം നടത്തുകയും ചെയ്തത്. ഭാവിയിലേക്കുതകുന്ന തരത്തിലുള്ള രൂപകൽപനയും പരിസ്ഥിതിയെ സംരക്ഷിക്കുന്നതുമാണ് ഇതിന്റെ നിർമ്മാണമെന്ന് ഇതിന് പിന്നിൽ പ്രവർത്തിച്ച പ്രൊഫസർമാർ പറഞ്ഞു. ടൈം ക്യാപ്സ്യൂൾ നിർമ്മിച്ചതിന് പിന്നിലെ ആശയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടയെും ശ്രദ്ധ പിടിച്ചുപറ്റി.
Discussion about this post