ഗാങ്‌ടോക്: മേഘാലയ സർക്കാരിന് മോദി തരംഗത്തെ ഭയം. പ്രധാനമന്ത്രിയുടെ റാലിക്കായി സ്റ്റേഡിയം ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ച് മേഘാലയ സർക്കാർ. മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയുടെ മണ്ഡലമായ വെസ്റ്റ് ഗാരോ മലയിലെ തുറയിലാണ് വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ റാലി നടത്താൻ തീരുമാനിച്ചിരുന്നത്. പിഎ സാംഗ്മ സ്റ്റേഡിയത്തിൽ നടത്താനിരുന്ന തിരഞ്ഞെടുപ്പ് റാലിക്കാണ് മേഘാലയ കായിക വകുപ്പ് അനുമതി നിഷേധിച്ചത്. പ്രത്യേകിച്ച് ഒരു കാരണവും വ്യക്തമാക്കാതെയാണ് അനുമതി നിഷേധിച്ചത്.
സ്റ്റേഡിയത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇത്രയും വലിയ സമ്മേളനം സംഘടിപ്പിക്കുന്നത് യോഗ്യമല്ലെന്നാണ് സർക്കാരിന്റെ വിശദീകരണം. സൈറ്റിൽ സൂക്ഷിച്ചിരിക്കുന്ന നിർമാണ വസ്തുക്കൾ സുരക്ഷാ പ്രശ്നങ്ങളാകുമെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ 127 കോടി രൂപ ചെലവിൽ നിർമിച്ച സ്റ്റേഡിയം കഴിഞ്ഞ ഡിസംബർ 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടനം ചെയ്ത് രണ്ട് മാസം കഴിഞ്ഞ സ്റ്റേഡിയം പ്രധാനമന്ത്രിയുടെ റാലിക്ക് വേണ്ടി ലഭ്യമല്ലെന്ന് പ്രഖ്യാപിക്കുന്നത് എങ്ങനെയെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഋതുരാജ് സിൻഹ ചോദിച്ചു.
ബിജെപി തരംഗം തടയാനാണ് മുഖ്യമന്ത്രി കോൻറാഡ് സാംഗ്മയുടെ നീക്കം എന്ന് ബിജെപി കുറ്റപ്പെടുത്തി. ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി)യും തൃണമൂൽ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് സംസ്ഥാനത്ത് ബിജെപിയുടെ തരംഗം തടയാൻ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.’കോൺറാഡ് സാംഗ്മയ്ക്കും മുകുൾ സാംഗ്മയ്ക്കും ഞങ്ങളെ ബിജെപി പേടിയുണ്ടോ? മേഘാലയയിൽ ബിജെപിയുടെ തരംഗം തടയാൻ അവർ ശ്രമിക്കുകയാണ്. നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ റാലി തടയാൻ ശ്രമിക്കാം, എന്നാൽ സംസ്ഥാനത്തെ ജനങ്ങൾ അവരുടെ മനസ്സിൽ ബിജെപിയെ പിന്തുണയ്ക്കാൻ തീരുമാനിക്കു’മെന്നും ഋതുരാജ് സിൻഹ പറഞ്ഞു.
Discussion about this post