ഇസ്താംബൂൾ: ഭൂകമ്പത്തിൽ തകർന്ന തുർക്കിയിൽ ഇന്ത്യ നടത്തിയ രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ച് ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരത് സുനൽ. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ സംഭാവന വിലമതിക്കാനാകാത്തതാണെന്ന് ഫിരത് സുനൽ പറഞ്ഞു. ഇന്ത്യ നൽകിയ വിലയേറിയ സഹായം അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
” ഇന്ത്യയിലെ സർക്കാരിനെ പോലെ തന്നെ വിശാല ഹൃദയമുള്ള ഇന്ത്യയിലെ ജനങ്ങളും ഭൂകമ്പ ബാധിതമേഖലകളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കൈ കോർത്തിട്ടുണ്ട്. നിങ്ങളുടെ വിലയേറിയ സഹായത്തിന് നിങ്ങൾ എല്ലാവരും വലിയ അഭിനന്ദനം അർഹിക്കുന്നുവെന്നും” അദ്ദേഹം ട്വീറ്റിൽ പറയുന്നു. ഇന്ത്യയിൽ നിന്നെത്തിയ അവശ്യ സാധനങ്ങളുടെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
അതേസമയം ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 44,000 കവിഞ്ഞു. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഹതായിൽ ഇന്ത്യൻ സൈന്യം ഒരു ഫീൽഡ് ആശുപത്രിയും സ്ഥാപിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തി ചികിത്സ തേടിയത്.
Discussion about this post