പട്ന : ജയിലിൽ പരിശോധനയ്ക്കിടെ മൊബൈൽ ഫോൺ വിഴുങ്ങി ജയിൽ പുള്ളി. ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലാണ് സംഭവം. ഖൈസർ അലി എന്ന ജയിൽ തടവുകാരനാണ് പോലീസ് പരിശോധന ഭയന്ന് മൊബൈൽ ഫോൺ വിഴുങ്ങിയത്. എന്നാൽ അടുത്ത ദിവസം തന്നെ കഠിമനമായ വയറുവേദന അനുഭവപ്പെട്ടതോടെ സംഭവം പുറത്തറിഞ്ഞു.
ഇതോടെ ഇയാൾ പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് പ്രതിയെ ഗോപാൽഗഞ്ചിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എക്സ് റേ പരിശോധനയിൽ ഇയാളുടെ വയറ്റിൽ ഒരു വസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ജയിൽ സൂപ്രണ്ട് മനോജ് കുമാർ പറഞ്ഞു. വിശദമായ പരിശോധന നടത്തണമെന്ന് ഡോക്ടർ സലാം സിദ്ദിഖി വ്യക്തമാക്കി. ആശുപത്രി മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും തടവുകാരനെ വിദഗ്ധ ചികിത്സയ്ക്കായി പട്ന മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
2020 ജനുവരി 17 ന് ഗോപാൽഗഞ്ച് പോലീസാണ് അലിയെ എൻഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ ജയിലിലാണ്.
ബിഹാർ ജയിലിനുള്ളിൽ തടവുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരിൽ ആശങ്ക ഉയർത്തുന്നു. 2021 മാർച്ചിൽ സംസ്ഥാനത്തുടനീളമുള്ള ജയിലുകളിൽ നടത്തിയ റെയ്ഡുകളിൽ ഏകദേശം 35 സെൽഫോണുകളും ഏഴ് സിം കാർഡുകളും 17 സെൽഫോൺ ചാർജറുകളും പിടിച്ചെടുത്തിരുന്നു. ഇതോടെ പല ജയിലുകളിലും പരിശോധന ശക്തമാക്കുകയാണ്.
Discussion about this post