മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ പേരും ചിഹ്നവും അനുവദിച്ചതിൽ പ്രതികരിച്ച് ഉദ്ധവ് താക്കറെ. ശ്രീരാമന്റെ ധനുസ്സ് ഒരിക്കലും രാവണനെക്കൊണ്ട് പിടിക്കാൻ സാധിക്കില്ലെന്നാണ് ഉദ്ധവ് പറഞ്ഞത്. ശിവസേനയുടെ പേരും ചിഹ്നവും മോഷ്ടിക്കപ്പെട്ടുവെന്നും ഉദ്ധവ് ആരോപിച്ചു.
പാർട്ടിയുടെ പേരും ചിഹ്നവും മോഷ്ടിക്കപ്പെട്ടു, പക്ഷേ അവർക്ക് താക്കറെയുടെ പേര് മോഷ്ടിക്കാൻ കഴിയില്ല. അവർക്ക് ബാലാസാഹെബിന്റെ മകനായി ജനിക്കാനുള്ള ഭാഗ്യമില്ല. ഷിൻഡെ ഗ്രൂപ്പിനെ ‘കള്ളന്മാർ’ എന്ന് വിശേഷിപ്പിച്ച ഉദ്ധവ്, അവർ വീട്ടിൽ കയറി എല്ലാം മോഷ്ടിച്ചുകൊണ്ട് പോയെന്നും ആരോപിച്ചു. ഫെബ്രുവരി 28 വരെ തന്റെ വിഭാഗം ടോർച്ച് പാർട്ടി ചിഹ്നമായി ഉപയോഗിക്കുമെന്ന് പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ തങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിന്റെ വാദം നാളെ ആരംഭിക്കുമെന്നും ഉദ്ധവ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ശിവസേന എന്ന പേരും ചിഹ്നവും ഷിൻഡെ പക്ഷത്തിന്റേതാണെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
ശിവസേന എന്ന പേരും അമ്പും വില്ലും ചിഹ്നവും തങ്ങളുടേത് ആണെന്നും, അതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഈ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചിന് മുൻപാകെ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post