ഡൽഹി: ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യക്കെതിരായ തുടർ പരാജയങ്ങളിൽ ആടിയുലഞ്ഞ് നിൽക്കുന്ന ഓസ്ട്രേലിയക്ക് അടുത്ത ഭീഷണിയായി പ്രമുഖ താരങ്ങളുടെ പരിക്ക്. വ്യക്തിപരമായ കാരണങ്ങളാൽ താൻ ഉടൻ നാട്ടിലേക്ക് മടങ്ങുമെന്ന് ഓസീസ് ക്യാപ്ടൻ പാറ്റ് കമ്മിൻസ് ഇന്ന് വ്യക്തമാക്കി. ഇതിന് പിന്നാലെ പരിക്കിനെ തുടർന്ന് നാല് ഓസീസ് താരങ്ങൾ കൂടി ഉടൻ നാട്ടിലേക്ക് മടങ്ങുമെന്നാണ് സൂചന.
രണ്ടാം ടെസ്റ്റിൽ ബാറ്റ് ചെയ്യുന്നതിനിടെ ഓസ്ട്രേലിയൻ സ്റ്റാർ ഓപ്പണർ ഡേവിഡ് വാർണർക്ക് കൈമുട്ടിന് പരിക്കേറ്റിരുന്നു. വാർണർക്ക് പൊട്ടലേറ്റിട്ടുണ്ട് എന്നതാണ് പുതിയ വിവരം. ഇതോടെ ചികിത്സയ്ക്കായി അദ്ദേഹം നാട്ടിലേക്ക് മടങ്ങും എന്ന് ഉറപ്പായി. ഈ പരിക്കോടെ, വാർണറുടെ ഐപിഎൽ സാദ്ധ്യതകളും തുലാസ്സിലായിരിക്കുകയാണ്.
ഇടം കൈയ്യൻ സ്പിന്നർ ആഷ്ടൺ അഗർ, ബാറ്റ്സ്മാൻ മാറ്റ് റെൻഷാ എന്നിവരും പരിക്കിന്റെ പിടിയിലാണ്. ഇവരും നാട്ടിലേക്ക് മടങ്ങും എന്നാണ് വിവരം. ദക്ഷിണാഫ്രിക്കക്കെതിരെ ജനുവരിയിൽ നടന്ന ടെസ്റ്റിൽ പരിക്കേറ്റ പേസ് ബൗളർ ജോഷ് ഹെയ്സല്വുഡ് നിലവിൽ ടീമിനൊപ്പം ഉണ്ട്. ആദ്യ രണ്ട് മത്സരങ്ങളിലും ഹെയ്സല്വുഡ് കളിച്ചിരുന്നില്ല. അദ്ദേഹം ഓസ്ട്രേലിയയിലേക്ക് മടങ്ങി പോകാൻ തയ്യാറെടുക്കുകയാണ് എന്നാണ് സൂചന.
ആദ്യ ടെസ്റ്റിൽ 5 വിക്കറ്റെടുത്ത യുവ സ്പിന്നർ ടോഡ് മർഫിക്കും പരിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, മൂന്നാം ടെസ്റ്റിന് മുൻപേ മർഫിയുടെ പരിക്ക് ഭേദമാകും എന്നാണ് ഓസീസ് ടീമിന്റെ പ്രതീക്ഷ. അതേസമയം, പരിക്ക് മൂലം ആദ്യ രണ്ട് കളികളിലും കളിക്കാതിരുന്ന പേസർ മിച്ചൽ സ്റ്റാർക്ക്, ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ എന്നിവർക്ക് മൂന്നാം ടെസ്റ്റിൽ കളിക്കാൻ സാധിക്കും എന്നത് ഓസ്ട്രേലിയക്ക് ആശ്വാസം പകരുന്നുണ്ട്.
ബോർഡർ ഗകാസ്കർ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ആധികാരിക വിജയം നേടിയ ഇന്ത്യ, നിലവിൽ പരമ്പരയിൽ 2-0ന് മുന്നിലാണ്. രണ്ട മത്സരങ്ങളിലും, മൂന്നാം ദിവസം പൂർത്തിയാകുന്നതിന് മുൻപേ ഇന്ത്യ ജയം നേടുകയായിരുന്നു.
Discussion about this post