ന്യൂഡൽഹി : മരിച്ചെന്ന് പറഞ്ഞ് പെട്ടിയിലാക്കി നൽകിയ നവജാത ശിശു ഒന്നര മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക്. ഡൽഹി ലോക്നായക് ജയപ്രകാശ് ആശുപത്രിയിലാണ് സംഭവം. ഞായറാഴ്ച്ച ജനിച്ച പെൺകുഞ്ഞ് മരിച്ചെന്ന് പറഞ്ഞ് ഡോക്ടർമാർ പെട്ടിയിലാക്കി നൽകുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പെട്ടിയുമായി വീട്ടിലെത്തി മൃതദേഹം സംസ്‌കരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
എന്നാൽ പെട്ടിയിൽ നിന്ന് അനക്കം കേട്ട് തുറന്ന് നോക്കിയതോടെ കുട്ടിയെ ജീവനോടെ കണ്ടെത്തി. ഇതിന് ശേഷം നവജാത ശിശുവുമായി ബന്ധുക്കൾ ആശുപത്രിയിലെത്തിയെങ്കിലും കുട്ടിയെ കാണാൻ പോലും ഡോക്ടർ തയ്യാറായില്ല
ഇതോടെ ഡോക്ടറുടെ അലംഭാവം ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധിച്ചു. അശ്രദ്ധ, കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഇവർ ആശുപത്രിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ഒന്നര മണിക്കൂറോളം പെട്ടിയിൽക്കിടന്ന പെൺകുഞ്ഞ് ഡോക്ടറുടെ അനാസ്ഥ മൂലം ശ്വാസംമുട്ടി മരിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇതിൽ കുട്ടി കൈകാലുകൾ ചലിപ്പിക്കുന്നതും കാണാം. പോലീസ് കേസെടുത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ കുട്ടിയെ നിരീക്ഷണത്തിലാക്കി.
Discussion about this post