1921 ലെ മാപ്പിള കലാപത്തെ ആസ്പദമാക്കി രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത ചിത്രമാണ് ”പുഴ മുതൽ പുഴ വരെ”. സിനിമയുടെ പ്രഖ്യാപനം മുതൽ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം മുടക്കാൻ ഉൾപ്പെടെ നിരവധി ശ്രമങ്ങൾ നടന്നിരുന്നു. സംവിധായകന് നേരെ മതതീവ്രവാദികൾ വധഭീഷണിയും മുഴക്കിയിരുന്നു. ഈ വെല്ലുവിളികളെയെല്ലാം നേരിട്ട സിനിമ മാർച്ച് 3 ന് പുറത്തിറങ്ങാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി അണിയറപ്രവർത്തകർ പുറത്തിറക്കിയ ചിത്രത്തിലെ ഗാനങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
രാമസിംഹന്റെ ജന്മദിനാത്തിലാണ് രണ്ട് ഗാനങ്ങൾ പുറത്തിറക്കിയത്. ”ഇടനെഞ്ചിൽ കോർത്ത നോവിൽ” എന്ന ഗാനം സ്വാമി ചിദാനന്ദപുരിയാണ് പുറത്തുവിട്ടത്. രാമസിംഹന്റെ വരികളിൽ ഹരി വേണുഗോപാൽ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് സുനിൽ മത്തായി ആണ്. ഇതോടൊപ്പം ‘പടച്ചവൻ പച്ചപ്പോൾ’ എന്ന ഗാനവും പുറത്തു വന്നിട്ടുണ്ട്. ഡോ. ജഗത് ലാൽ ഈണം പകർന്ന ഗാനം ആലപിച്ചത് ഗോപകുമാർ മീനങ്ങാടിയാണ്.
ഹിന്ദു വംശഹത്യയുടെ ഭയാനകമായ രീതികൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ് ഗാനം. കലാപങ്ങൾക്ക് കോപ്പുകൂട്ടുന്ന മതതീവ്രവാദികളെയും അതിനിടയിൽ പെട്ട് പോകുന്ന ഹിന്ദു സമൂഹത്തിന്റെയും കഥാണ് ഇതിലൂടെ പറയുന്നത്. ഗാനങ്ങൾ ശ്രദ്ധ നേടിയതോടെ പ്രതികരണങ്ങളുമായി നിരവധി പേരാണ് എത്തുന്നത്. മനോഹരമായ ദൃശ്യാവിഷ്‌കാരമാണ് ഗാനം നൽകുന്നത് എന്ന പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം ആസ്പദമാക്കി പൃഥ്വിരാജിനെ നായകനാക്കി സിനിമ പുറത്തിറക്കുമെന്ന് സംവിധായകൻ ആഷിഖ് അബു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മലബാർ കലാപത്തിന്റെ സത്യങ്ങൾ ജനങ്ങൾക്ക് മനസിലാക്കിക്കൊടുക്കുമെന്ന് അറിയിച്ചുകൊണ്ട് രാമസിംഹൻ തന്റെ ചിത്രം പ്രഖ്യാപിച്ചത്. ‘മമ ധർമ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് നിർമ്മാണം. തലൈവാസൽ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിൽ എത്തുന്നത്. ജോയ് മാത്യുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വയനാട്ടിൽ വെച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
Discussion about this post