മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മോശം ഫോം തുടരുന്ന ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുലിന് പിന്തുണയുമായി മുതിർന്ന താരം ദിനേശ് കാർത്തിക്. രാഹുൽ അൽപ്പകാലം ക്രിക്കറ്റിൽ നിന്നും മാറി നിൽക്കണമെന്നാണ് കാർത്തിക്കിന്റെ ഉപദേശം. വിശ്രമം എടുത്ത ശേഷം ശക്തമായി തിരിച്ചു വരാനും കാർത്തിക് രാഹുലിനെ ഉപദേശിക്കുന്നു.
കരിയറിൽ താനും സമാനമായ ഉയർച്ച താഴ്ചകൾ അനുഭവിച്ചിട്ടുണ്ട്. ഒരു പക്ഷേ രാഹുലിനെ അടുത്ത മത്സരത്തിൽ ഇന്ത്യൻ ടീം പരിഗണിച്ചേക്കാൻ സാദ്ധ്യതയില്ല. അത് അദ്ദേഹവും പ്രതീക്ഷിക്കുന്നുണ്ടാകും. ഇങ്ങനെ ലഭിക്കുന്ന ഇടവേളയിൽ, ടെക്നിക്ക് മെച്ചപ്പെടുത്തുന്നതിലുപരി, ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാഹുൽ സമയം ചിലവഴിക്കേണ്ടതെന്നും കാർത്തിക് പറഞ്ഞു.
രാഹുൽ മികച്ച കളിക്കാരനാണ്. എല്ലാ ഫോർമാറ്റുകളിലും കഴിവ് തെളിയിച്ച താരമാണ്. ഇത് ഓർമ്മയിൽ വെച്ച്, ഏകദിന പരമ്പരയിൽ ശക്തമായി തിരിച്ചു വരാനാണ് അദ്ദേഹം ശ്രമിക്കേണ്ടതെന്നും കാർത്തിക് പറയുന്നു.
എനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളെ പ്രൊഫഷണൽ ആയി സമീപിക്കുകയാണ് വേണ്ടത്. സമാനമായ അവസ്ഥ ഉണ്ടായപ്പോൾ കരിയർ അവസാനിക്കുമോ എന്ന് പോലും ഭയപ്പെട്ടു. അത്തരം അവസരങ്ങളിൽ, പുറത്തായ ശേഷം ശാന്തമായി ശുചിമുറിയിലേക്ക് പോയി, രണ്ട് തുള്ളി കണ്ണീർ പൊഴിച്ചു, പിന്നീട് ശക്തമായി തിരിച്ചു വന്നു. കാർത്തിക് വെളിപ്പെടുത്തി.
ടെസ്റ്റിലെ രാഹുലിന്റെ മോശം പ്രകടനം വലിയ തോതിൽ ചർച്ചയാകുമ്പോഴാണ്, കരിയറിൽ ഒരു ഇടവേള എടുക്കാൻ ദിനേശ് കാർത്തിക് അദ്ദേഹത്തെ ഉപദേശിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ, കഴിഞ്ഞ മൂന്ന് ഇന്നിംഗ്സുകളിൽ നിന്നായി 38 റൺസ് മാത്രമാണ് രാഹുലിന്റെ സമ്പാദ്യം. രാഹുലിനെതിരെ വിമർശനം കടുപ്പിച്ച് മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ് ഉൾപ്പെടെ ഉള്ളവർ രംഗത്ത് വന്നിരുന്നു.
ഓസ്ട്രേലിയക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ ആധികാരികമായി വിജയിച്ചുവെങ്കിലും, മുൻ നിര ബാറ്റിംഗിലെ ദൗർബല്യങ്ങൾ പ്രകടമായിരുന്നു. ആദ്യ ടെസ്റ്റിൽ രോഹിത് ശർമ്മ നേടിയ സെഞ്ച്വറി ഒഴിച്ചു നിർത്തിയാൽ, രാഹുലിനെ കൂടാതെ വിരാട് കോഹ്ലി, ചേതേശ്വർ പുജാര, വിക്കറ്റ് കീപ്പർ ശ്രീകർ ഭരത് തുടങ്ങിയവരും പരാജയമാണ്. മദ്ധ്യനിരയിൽ അക്ഷർ പട്ടേലും ജഡേജയും അശ്വിനും നടത്തുന്ന ചെറുത്തു നിൽപ്പ് വാലറ്റത്തേക്ക് കൂടി നീളുന്നതാണ് പലപ്പോഴും ഇന്ത്യക്ക് തുണയാകുന്നത്.
Discussion about this post