പാട്‌ന: പൊതുവേദിയിൽ നടത്തിയ പ്രസംഗത്തിനിടെ ധാരാളമായി ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ച കർഷകനെ പരസ്യമായി ശാസിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഒരു കർഷക സംഗമത്തിനിടെ തന്റെ കാർഷികജീവിതത്തിലെ യാത്ര വിവരിക്കുന്നതിനിടെയാണ് അമിത് കുമാർ എന്ന കർഷകൻ കുറേയേറെ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചത്. ലഖിസരായിയിൽ നിന്നുള്ള കർഷകനാണ് അമിത് കുമാർ.
മാനേജ്‌മെന്റ് ബിരുദധാരിയായ താൻ പൂനെയിൽ മികച്ച ശമ്പളം ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് സ്വന്തം നാട്ടിൽ കൂൺ കൃഷി തുടങ്ങിയതെന്ന് അമിത്കുമാർ പറയുന്നു. അതിനുള്ള ധൈര്യം പകർന്ന് തന്നത് മുഖ്യമന്ത്രി നിതീഷ് കുമാറാണെന്ന് പ്രശംസിച്ച് കൊണ്ടാണ് അമിതിന്റെ പ്രസംഗം ആരംഭിച്ചത് തന്നെ. എന്നാൽ പ്രസംഗം തുടങ്ങി ഏതാനും മിനിട്ടുകൾക്കുള്ളിൽ നിതീഷ് കുമാർ പ്രസംഗം തടഞ്ഞു.
സ്വന്തം സീറ്റിൽ ഇരുന്നു കൊണ്ട് തന്നെ കയ്യിലുള്ള മൈക്രോഫോൺ ഉപയോഗിച്ചാണ് അമിതിന്റെ പ്രസംഗത്തിൽ ഇടപെട്ടത്. ” പ്രസംഗത്തിൽ ഇത്രയധികം ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നതിലെ പ്രശ്‌നം ചൂണ്ടിക്കാണിക്കാനാണ് ഇപ്പോൾ ഞാൻ ഇടപെട്ടത്. ഇത് എന്താ ഇംഗ്ലണ്ടാണോ? നിങ്ങൾ ബീഹാറിലാണ് ജോലി ചെയ്യുന്നത്. സാധാരണക്കാരുടെ തൊഴിലായ കൃഷിയാണ് നിങ്ങൾ ചെയ്യുന്നതെന്നും” നിതീഷ് കുമാർ വിമർശിച്ചു. സദസ്സിൽ നിന്നു് വലിയ കയ്യടികളോടെയാണ് ആളുകൾ ഇത് സ്വീകരിച്ചത്.
കൊറോണ കാലത്ത് സ്മാർട് ഫോൺ ആസക്തി കൂടി, ഇതോടെ പലരും സ്വന്തം ഭാഷയെ മറക്കാൻ തുടങ്ങി. ദൈനംദിന ജീവിതത്തിൽ ഇത്രയധികം ഇംഗ്ലീഷ് വാക്കുകളുടെ ആവശ്യമില്ലെന്നും നിതീഷ് കുമാർ വിമർശിച്ചു. ഇതോടെ നിതീഷ് കുമാറിനോട് ഇംഗ്ലീഷ് ഉപയോഗിച്ചതിന് മാപ്പ് പറഞ്ഞിട്ടാണ് അമിത് കുമാർ തന്റെ പ്രസംഗം തുടർന്നത്.









