2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ചുവട് പ്രചാരണം ആരംഭിച്ച് അമേരിക്കയിലെ പ്രമുഖ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ വിവേക് രാമസ്വാമി. ചൈനയെ ആശ്രയിക്കുന്നത് ഒഴിവാക്കുമെന്ന ഉറപ്പോടെയാണ് അദ്ദേഹം തന്റെ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. പ്രസിഡൻഷ്യൽ പ്രൈമറിയിലേക്ക് നിക്കി ഹേലിക്ക് ശേഷം റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നെത്തുന്ന രണ്ടാമത്തെ കമ്മ്യൂണിറ്റി അംഗമാണ് വിവേക് രാമസ്വാമി. ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവന്റ് സയൻസ് സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റ് സഹസ്ഥാപകനുമായ വിവേക് യുഎസിലാണ് ജനിച്ച് വളർന്നത്.
കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് വിവേകിന്റെ കുടുംബം. പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്ന രണ്ടാമത്തെ ഇന്തോ-അമേരിക്കൻ വംശജനാണ് അദ്ദേഹം. സൗത്ത് കരോലിന മുൻ ഗവർണറും ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡറുമായ നിക്കി ഹേലി ഈ മാസം ആദ്യം തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നു.
റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകാൻ രംഗത്തുള്ള ഡോണൾഡ് ട്രംപിനെ വെല്ലുവിളിച്ച് ഇന്ത്യൻ വംശജയായ നിക്കി ഹേലി കഴിഞ്ഞ ദിവസം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ നോമിനേഷനിൽ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ മത്സരിക്കുമെന്നാണ് നിക്കി പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോപിയോ തുടങ്ങിയവരും മത്സര രംഗത്തുണ്ട്. ഉൾപാർട്ടി തിരഞ്ഞെടുപ്പുകൾക്ക് ശേഷമാണ് പാർട്ടി സ്ഥാനാർത്ഥിയെ തീരുമാനിക്കുക.
അമേരിക്കയെ ഒന്നാം സ്ഥാനത്ത് എത്തിക്കണമെങ്കിൽ അമേരിക്ക എന്താണെന്നാണ് നാം മനസിലാക്കണം. വിദേശനയങ്ങൾക്ക് എല്ലാക്കാലത്തും മുൻഗണന നൽകും. പക്ഷേ ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന് ഉയർന്ന് വരുന്ന ഭീഷണിയാണ് അമേരിക്ക പ്രധാന പ്രശ്‌നമായി നേരിടുന്നത്. ചൈന നമ്മുടെ പരമാധികാരം ലംഘിക്കുന്നുവെന്ന വസ്തുത നാം മനസിലാക്കണം. അതൊരു റഷ്യൻ ചാരബലൂൺ ആയിരുന്നെങ്കിൽ തൽക്ഷണം വെടിവച്ച് ഉപരോധം തീർക്കുമായിരുന്നു. എന്നാലത് ചെയ്യാത്തത്, നമ്മുടെ ഇപ്പോഴത്തെ ജീവിതത്തിൽ പലതിനും നാം അവരെ ആശ്രയിക്കുന്നുണ്ട്. സാമ്പത്തികമായുള്ള ഇത്തരം ആശ്രിതത്വം അവസാനിപ്പിക്കണമെന്നും” വിവേക് രാമസ്വാമി പറയുന്നു.











Discussion about this post