ഇസ്ലാമാബാദ്: ഭീകരാക്രമണ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്നും ടിവി ചാനലുകളെ വിലക്കി പാകിസ്താൻ സർക്കാർ. ഇതുമായി ബന്ധപ്പെട്ട് പാകിസ്താൻ മീഡിയ റെഗുലേറ്ററി അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചു.
ഭീകരാക്രമണങ്ങൾ നടക്കുന്ന സമയത്ത് ടിവി ചാനലുകൾ മാദ്ധ്യമ ധർമ്മം മറക്കുന്നതായി പാകിസ്താൻ മീഡിയ റെഗുലേറ്ററി അതോറിറ്റി കുറ്റപ്പെടുത്തി. ബ്രേക്കിംഗ് ന്യൂസ് ആദ്യം കൊടുക്കുന്നതിന്റെ ക്രെഡിറ്റിന് വേണ്ടി ദുരന്ത ഭൂമിയിൽ ചെന്നായ്ക്കളെ പോലെ അലയുകയാണ് മാദ്ധ്യമപ്പട എന്നാണ് അതോറിറ്റിയുടെ വിമർശനം.
ഭീകരാക്രമണം ലൈവ് റിപ്പോർട്ട് ചെയ്യാനുള്ള തിടുക്കത്തിനിടെ ടിവി സംഘങ്ങൾ തങ്ങളുടെ ജീവൻ കൂടി അപകടത്തിലാക്കുന്നു എന്ന് മാത്രമല്ല, ദുരന്ത ബാധിതരെ തക്ക സമയത്ത് രക്ഷപ്പെടുത്തുന്നതിൽ അമാന്തം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും അതോറിറ്റി കുറ്റപ്പെടുത്തുന്നു.
ഭീകരാക്രമണങ്ങളെ കുറിച്ചുള്ള വാർത്തകൾ മാദ്ധ്യമങ്ങൾ തങ്ങളുടെ യുക്തിക്ക് അനുസരിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ പലരും അവ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു. ഇത് രക്ഷാ സേനകളുടെ മനോവീര്യം കെടുത്തുന്നുവെന്നും രാജ്യത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്നുവെന്നും പാക് സർക്കാർ വിമർശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാകിസ്താൻ മീഡിയ റെഗുലേറ്ററി അതോറിറ്റി 2015ലെ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നുവെന്ന് ടിവി ചാനലുകളെ ഓർമ്മിപ്പിക്കുന്നത്.
അതേസമയം മാദ്ധ്യമങ്ങളെ നിയന്ത്രിക്കാനുള്ള പാകിസ്താൻ സർക്കാരിന്റെ ശ്രമം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും വ്യക്തമാക്കുന്നു. സ്വന്തം സംവിധാനങ്ങളുടെയും ഇന്റലിജൻസ് വിഭാഗങ്ങളുടെയും കഴിവുകേട് മറച്ചു വെക്കാൻ സർക്കാർ മാദ്ധ്യമങ്ങളെ കുറ്റപ്പെടുത്തുകയാണ്. സോഷ്യൽ മീഡിയ സജീവമായ ഈ കാലത്ത് ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കാനാണ് പാക് സർക്കാർ ശ്രമിക്കുന്നതെന്ന് ബലൂച് മനുഷ്യാവകാശ പ്രവർത്തകർ പരിഹസിക്കുന്നു.
Discussion about this post