തൃശൂർ : പോക്‌സോ കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. തൃശൂർ കോലഴിയിലാണ് സംഭവം. കോലഴി മുൻ പഞ്ചായത്ത് പ്രസിഡന്റ് പിജി ഉണ്ണികൃഷ്ണനാണ് പിടിയിലായത്. 13 വയസുകാരനായ ആൺകുട്ടിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. നിലവിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയാണ് അറസ്റ്റിലായ പിജി ഉണ്ണികൃഷ്ണൻ.
ജനുവരി 29 നായിരുന്നു കേസിനാസ്പദമായ സംഭവം. കുറ്റൂരിൽ സൈക്കിളിൽ സഞ്ചരിച്ചെത്തിയ വിദ്യാർത്ഥി സമീപത്തെ പാലത്തിൽ വിശ്രമിക്കുകയായിരുന്നു. അപ്പോൾ ഇതുവഴി വന്ന ഉണ്ണികൃഷ്ണൻ കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സ്‌കൂളിലെ കൗൺസിലിംഗിനിടെയാണ് കുട്ടി ഇക്കാര്യം പറഞ്ഞത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.












