ന്യൂഡൽഹി : കനേഡിയൻ പൗരത്വത്തെ ചൊല്ലി പലപ്പോഴായി വിമർശനങ്ങൾ നേരിട്ട ബോളിവുഡ് താരം അക്ഷയ് കുമാർ കനേഡിയൻ പാസ്‌പോർട്ട് ഉപേക്ഷിക്കാനൊരുങ്ങുന്നു. പാസ്‌പോർട്ട് മാറ്റാൻ ഇതിനോടകം അപേക്ഷ സമർപ്പിച്ചതായി താരം വെളിപ്പെടുത്തി. ഇന്ത്യയാണ് തനിക്ക് എല്ലാമെന്നാണ് അക്ഷയ് കുമാർ പറഞ്ഞത്.
”ഇന്ത്യയാണ് എനിക്ക് എല്ലാം… ഞാൻ നേടിയതും സമ്പാദിച്ചതുമെല്ലാം, ഇവിടെ നിന്നാണ്. അതെന്റെ ഭാഗ്യമാണ്. ആളുകൾ ഒന്നും അറിയാതെ കാര്യങ്ങൾ പറയുമ്പോൾ വിഷമം തോന്നും” താരം വെളിപ്പെടുത്തി. തന്റെ സിനിമകളുടെ മോശം പ്രകടനമാണ് കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സിനിമകളൊന്നും തന്നെ വിജയിക്കാതെ വന്നപ്പോഴാണ് കാനഡയിലേക്ക് പോയത്. തന്റെ സുഹൃത്ത് അന്ന് കാനഡയിലുണ്ടായിരുന്നു. തുടർന്ന് പാസ്‌പോർട്ടിന് അപേക്ഷിക്കുകയും അത് ലഭിക്കുകയും ചെയ്തു. അപ്പോൾ ബോളിവുഡിൽ ഇറങ്ങിയ തന്റെ രണ്ട് ചിത്രങ്ങൾ സൂപ്പർ ഹിറ്റായതോടെ തിരികെ സ്വന്തം രാജ്യത്തേക്ക് പോകാൻ സുഹൃത്ത് നിർദ്ദേശിച്ചു. തുടർന്ന് രാജ്യത്തെത്തി വീണ്ടും ജോലികൾ ആരംഭിച്ചു.
പാസ്‌പോർട്ട് ഉള്ള കാര്യം തന്നെ അപ്പോഴേക്കും മറന്നുപോയിരുന്നു. ഈ പാസ്പോർട്ട് മാറ്റണമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും ഇപ്പോൾ അത് മാറ്റാൻ അപേക്ഷ നൽകിയെന്നും അക്ഷയ് കുമാർ വ്യക്തമാക്കി.
Discussion about this post