ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പേരിൽ ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യം തകരും എന്ന് ചിന്തിക്കുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ സ്വാമിനാഥൻ അയ്യർ. ശക്തമായ പ്രതിബന്ധങ്ങളെ നേരിട്ടാണ് പ്രായോഗികതയിൽ ഊന്നി അദാനി തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ അടിത്തറ പാകിയിരിക്കുന്നതെന്ന് ഇക്കണോമിക്സ് ടൈംസിൽ എഴുതിയ ലേഖനത്തിൽ അയ്യർ വിശദീകരിക്കുന്നു.
ഗുജറാത്തിലെ മുന്ദ്ര തുറമുഖം അക്ഷരാർത്ഥത്തിൽ അദാനിയുടെ ബിസിനസ് കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ്. അവിടുത്തെ സൗകര്യങ്ങളും വേഗതയും അതിശയകരമാണ്. ഷെഡ്യൂൾ പ്രകാരം ചരക്ക് നീക്കം നടക്കാതെ വന്നാൽ, വിദേശ കപ്പലുകൾക്ക് ആദ്യനാളുകളിൽ തന്നെ നഷ്ടപരിഹാരം നൽകുമെന്ന് അദാനി ഉറപ്പ് നൽകിയിരുന്നു. മുംബൈ തുറമുഖത്ത് അടുക്കാൻ കപ്പലുകൾക്ക് 20 ദിവസം വരെ കാത്തുകെട്ടി കിടക്കേണ്ടി വന്നിരുന്ന കാലത്തായിരുന്നു അദാനി ഇത്തരം ഒരു ഉറപ്പ് നൽകിയിരുന്നത്. ഈ വിശ്വാസ്യതയാണ് അദാനി എന്ന ബിസിനസ് ഭീമന്റെ പ്രധാന കൈമുതലെന്നും ലേഖനത്തിൽ അയ്യർ വിശദീകരിക്കുന്നു.
സാമ്പത്തിക ക്രമക്കേടുകൾ നടത്തിയും രാഷ്ട്രീയ നേതാക്കളെ തൃപ്തിപ്പെടുത്തിയുമാണ് അദാനി ബിസിനസ് രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്തത് എന്നാണ് അദ്ദേഹത്തിന് നേരെ ഉയരുന്ന പ്രധാന വിമർശനം. എന്നാൽ ബിസിനസ് അറിയാവുന്നവർ അതിനോട് യോജിക്കില്ല. അസാമാന്യമായ ബിസിനസ് പാടവം ഇല്ലാതെ ഒരിക്കലും ഒരാൾക്ക് രണ്ട് ദശാബ്ദങ്ങൾ കൊണ്ട് ലോകത്തിലെ മൂന്നാമത്തെ വലിയ ബിസിനസുകാരൻ എന്ന നിലയിലേക്ക് ഉയരാൻ സാധിക്കില്ല, അതും തീരെ ചെറിയ ഒരു തുടക്കത്തിൽ നിന്ന്.
തുറമുഖങ്ങളും ഖനികളും വിമാനത്താവളങ്ങളും ടെലികോം ലൈനുകളും അദാനിക്ക് ബിജെപി നൽകിയതാണ് എന്നത് ചിരിക്കാൻ വക നൽകുന്ന ഒരു ആരോപണമാണ്. ഒരു റെയിൽപാത പോലും ഇല്ലാതിരുന്ന കച്ചിലെ മരുഭൂമിക്ക് തുല്യമായ സ്ഥലത്ത് ഒരു ചെറു തുറമുഖം നിർമ്മിക്കാനുള്ള അനുമതിയാണ് ഗുജറാത്ത് സർക്കാർ അദാനിക്ക് ആദ്യം നൽകിയത്. ആ മരുപ്രദേശത്തെ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമാക്കി വളർത്തിയത് അദാനിയുടെ ബുദ്ധിയും അദ്ധ്വാനവുമാണ്.
ആഗോള ഭീമന്മാരായ Maersk, ദുബായ് വേൾഡ് തുടങ്ങിയവരോട് മല്ലിട്ടാണ് അദാനി പിന്നീട് തുറമുഖ രംഗത്ത് വളർന്നു വന്നത്. ഇന്നും ഇന്ത്യയിൽ എതിരാളികളില്ലാത്ത തുറമുഖ ഓപ്പറേറ്ററാണ് അദാനി എന്നത് മറക്കാനാവില്ല.
ശ്രീലങ്ക, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ തന്ത്രപ്രധാന തുറമുഖങ്ങൾ തുടങ്ങാൻ അദാനിക്ക് കേന്ദ്ര സർക്കാർ പിന്തുണ നൽകുന്നത്, ഈ അനുഭവ സമ്പത്തിനെ വിശ്വസിച്ചാണ്. ഇതിനെ എങ്ങനെയാണ് അനധികൃത സഹായം എന്ന് പറയാൻ സാധിക്കുക? 750 മില്ല്യൺ ഡോളർ പദ്ധതിയായ ശ്രീലങ്കൻ തുറമുഖത്തിനും 1.8 ബില്ല്യൺ ഡോളർ പദ്ധതിയായ ഹൈഫ തുറമുഖത്തിനുമ്മുള്ള ലേലത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് മറ്റൊരു ഇന്ത്യൻ വ്യവസായിയെയും കേന്ദ്ര സർക്കാർ തടഞ്ഞില്ല. അദാനിക്ക് മാത്രമാണ് അതിനുള്ള ശേഷി ഉണ്ടായിരുന്നത് എന്നതാണ് വസ്തുത. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആരും സാമ്പത്തിക ആരോപണങ്ങൾ ഉന്നയിക്കുന്നതുമില്ലെന്ന് സ്വാമിനാഥൻ അയ്യർ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് അദാനി നേരിടുന്നതിന് സമാനമായ ആരോപണങ്ങൾ നേരിട്ടയാളാണ് റിലയൻസ് ഗ്രൂപ്പ് സ്ഥാപകൻ ധീരുഭായ് അംബാനി. ബിസിനസ് രംഗത്ത് പുതുമുഖമായിരുന്നിട്ട് കൂടി, അദ്ദേഹം ആരോപണങ്ങളിൽ പതറിയില്ല. മറ്റാരും ചെയ്യാൻ ധൈര്യപ്പെടാത്തത് ചെയ്ത് ഫലിപ്പിക്കാനുള്ള ഇച്ഛാശക്തി അദ്ദേഹം പ്രകടമാക്കിയതിന്റെ ഫലം പിന്നീട് ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിന്റെ ഭാഗമായി മാറി.
നിർമ്മാണ മേഖലയിൽ അദാനി വളർച്ച നേടുന്നത് മികവ് കൊണ്ടല്ല, മറിച്ച് രാഷ്ട്രീയ പിന്തുണ കൊണ്ടാണ് എന്നതാണ് മറ്റൊരു ആരോപണം. അദാനി ഇന്ത്യൻ നിർമ്മാണ മേഖലയിലേക്ക് കടന്നുവന്ന അതേ കാലയളവിൽ രാഷ്ട്രീയ പിന്തുണയോടെയും അല്ലാതെയും നിരവധി ബിസിനസുകാർ ഈ രംഗത്തേക്ക് കടന്നുവന്നു. എന്നാൽ, രാജ്യത്തെ ബാങ്കുകളെ കടക്കെണിയിലാക്കി, രാഷ്ട്രീയ യജമാനന്മാർക്ക് ചീത്തപ്പേരും ഉണ്ടാക്കി അവരിൽ പലരും വിസ്മൃതിയിൽ മറഞ്ഞു. നിർമ്മാണ രംഗത്ത് വിജയിക്കാൻ വേണ്ടുന്നത് മികവാണ്, അല്ലാതെ രാഷ്ട്രീയ പിൻബലമല്ല. രാഷ്ട്രീയ പിൻബലം കൊണ്ട് ഒരിക്കലും നിർമ്മിതികൾ നിലനിൽക്കില്ല, അവ പൊളിഞ്ഞു വീഴാതിരിക്കാൻ, ഗുണനിലവാരത്തിൽ വിമർശനാതീതമായി നിലനിൽക്കാൻ, പരിജ്ഞാനവും പാടവവുമാണ് വേണ്ടത്.
ഹിൻഡൻബർഗ് ഉയർത്തിയ കൊടുങ്കാറ്റിന് വസ്തുനിഷ്ഠമായി അദാനി മറുപടി പറയുക തന്നെ വേണം. അതിനെ നേരിടേണ്ടത് അദ്ദേഹം തന്നെയാണ്. എന്നാൽ ആ റിപ്പോർട്ട് അദ്ദേഹത്തിന് താത്കാലിക തിരിച്ചടി നൽകുന്നുവെങ്കിലും, അത് നേട്ടമാക്കാൻ അദ്ദേഹത്തിന് സാധിക്കും, അദ്ദേഹത്തിന് അതിനുള്ള ദീർഘ വീക്ഷണവും ഉണ്ട്.
ബിസിനസ് സാമ്രാജ്യം അതിവേഗം വികസിപ്പിക്കുന്നതിന് വേണ്ടി വലിയ തുകയ്ക്ക് കൂറ്റൻ ലേലങ്ങളിൽ പങ്കെടുക്കുകയാണ് നിലവിൽ അദാനി ചെയ്യുന്നത്. അതിനാൽ, അദ്ദേഹത്തിന്റെ ഷെയറുകളുടെ മൂല്യം ഇടത്തരക്കാർക്ക് അപ്രാപ്യമാണ്. ഇതിന് ഒരു മാറ്റം വരുത്താൻ ഹിൻഡൻബർഗ് രേഖകൾക്ക് ചിലപ്പോൾ സാധിച്ചേക്കും.
നിക്ഷേപകർ നിലവിൽ സ്വീകരിച്ചിരിക്കുന്ന നയം, അദാനിയെ ചിന്തിപ്പിക്കും. അങ്ങനെ വന്നാൽ, കൂടുതൽ സാമ്പത്തിക അച്ചടക്കം കൈവരിക്കാനും, നിലവിലെ തിരിച്ചടികളെ ഭാവിയിലെ വലിയ വിജയങ്ങളാക്കി മാറ്റുവാനും അദ്ദേഹത്തിന് സാധിക്കും. അദാനിയുടെ തുടക്കവും വികസ പരിണാമങ്ങളും കണ്ട വൻ നിക്ഷേപകർ ഇപ്പോഴും അദ്ദേഹത്തിൽ വിശ്വാസമർപ്പിക്കുന്നു. ആ വിശ്വാസ്യതയും ഇന്ത്യൻ വാണിജ്യ രംഗത്തെ അദ്ദേഹത്തിന്റെ ചരിത്രവുമാണ് അദാനി എന്ന ബ്രാൻഡ് എന്നും സ്വാമിനാഥൻ അയ്യർ തന്റെ ലേഖനത്തിൽ വിശദീകരിക്കുന്നു.
Discussion about this post