കേപ് ടൗൺ: വനിതാ ട്വന്റി ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ പൊരുതി തോറ്റ് ഇന്ത്യ. ഓസീസ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 167 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. നഷ്ടപ്പെടുത്തുന്ന അവസരങ്ങൾക്ക് നൽകേണ്ടി വരുന്ന വില എന്ത് എന്ന് ഇന്ത്യൻ ടീമിനെ പഠിപ്പിക്കുന്നതായി ഓസീസിന്റെ പോരാട്ട വീര്യം.
ആദ്യ ഓവറിൽ തന്നെ 10 റൺസ് അടിച്ച് കൂട്ടിക്കൊണ്ടായിരുന്നു ഇന്ത്യയുടെ ചേസിംഗ് തുടക്കം. എന്നാൽ തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. നാലാം വിക്കറ്റിൽ ഒത്തു ചേർന്ന ജെമീമ- ഹർമൻപ്രീത് സഖ്യം ഇന്ത്യൻ പ്രതീക്ഷകൾക്ക് മത്സരത്തിൽ ആദ്യമായി ചിറക് നൽകി. 10 ഓവർ പൂർത്തിയാകുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ.
ഇടവേളക്ക് ശേഷമുള്ള ആദ്യ ഓവറിൽ ഇന്ത്യക്ക് വീണ്ടും പ്രഹരമേറ്റു. ഡാർസി ബ്രൗണിന്റെ ഷോർട്ട് പിച്ച് പന്തിൽ അപകടകരമായ ഒരു ഷോട്ടിന് ശ്രമിച്ച ജെമീമ റോഡ്രിഗസ് 43 റൺസുമായി വിക്കറ്റ് കീപ്പർ അലിസ ഹീലിക്ക് ക്യാച്ച് നൽകി മടങ്ങി.
എന്നാൽ അനായാസം ബാറ്റിംഗ് തുടർന്ന ക്യാപ്ടൻ ഹർമൻപ്രീത് കൗർ അർദ്ധ സെഞ്ച്വറിയുമായി ഇന്ത്യൻ പ്രതീക്ഷകൾ കാത്തു. 34 പന്തിൽ 52 റൺസുമായി പോരാട്ടം വീണ്ടും ഓസീസ് ക്യാമ്പിലേക്ക് നയിച്ച ഇന്ത്യൻ നായിക, പക്ഷേ ബാലിശമായ ഒരു റൺ ഔട്ടിൽ വിക്കറ്റ് വലിച്ചെറിഞ്ഞതോടെ, ഇന്ത്യയുടെ കിരീട സ്വപ്നങ്ങളും വീണുടഞ്ഞു. സമ്മർദ്ദം, ദൗർഭാഗ്യം എന്നവയിലുപരി, അമിത ആത്മവിശ്വാസം, അശ്രദ്ധ എന്നീ വാക്കുകൾ കൊണ്ട് മാത്രമേ ആ പുറത്താകലിനെ വിശേഷിപ്പിക്കാനാകൂ.
പിന്നീട് മത്സരത്തിൽ പിടിമുറുക്കിയ ഓസ്ട്രേലിയ, വീണ്ടും ഒരു ലോകകപ്പ് ഫൈനലിലേക്ക് കൂടി അനായാസം നടന്നു കയറി. ഓസ്ട്രേലിയക്ക് വേണ്ടി ആഷ്ലി ഗാർഡ്നർ, ഡാർസി ബ്രൗൺ എന്നിവർ 2 വിക്കറ്റുകൾ വീഴ്ത്തി. 18 പന്തിൽ 31 റൺസും നേടിയിരുന്ന ആഷ്ലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
നേരത്തേ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് എടുത്തു. 37 പന്തിൽ 54 റൺസ് എടുത്ത ബെഥ് മൂണിയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ക്യാപ്ടൻ മെഗ് ലാനിംഗ് 34 പന്തിൽ 49 റൺസുമായി പുറത്താകാതെ നിന്നു.
Discussion about this post