കൊച്ചി: എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വിവാദ ദല്ലാൾ നന്ദകുമാറിന്റെ വീട് സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്. കൊച്ചി വെണ്ണയിലെ വീട്ടിലാണ് എത്തിയത്. നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങളിലും ഇപി പങ്കെടുത്തതായാണ് വിവരം.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുക്കാതെയാണ് ഇ പി ജയരാജൻ ഞായറാഴ്ച്ച സ്വകാര്യ ചടങ്ങിനെത്തിയത്. കെവി തോമസും ഇപി ജയരാജനൊപ്പമുണ്ടായിരുന്നു.
സോളാർ കേസിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയടക്കം കോൺഗ്രസ് നേതാക്കൾക്കെതിരെ പീഡന ആരോപണത്തിന് തുടക്കമിട്ട വിവാദ കത്ത് പുറത്തുവിട്ടത് നന്ദകുമാർ ആയിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകിയതും നന്ദകുമാറിന്റെ നിർദേശ പ്രകാരമായിരുന്നുവെന്നാണ് പരാതിക്കാരിയുടെ സഹചാരി വെളിപ്പെടുത്തിയിരുന്നത്. ലാവലിൻ കേസ്, വിഴിഞ്ഞം തുറമുഖം, കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ആഴക്കടൽ കരാർ വിവാദം എന്നിവ ഇതിൽ ചിലതാണ്. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സ്ഥാനാർഥിയെ നിർത്തുകയും അടക്കം നിരവധി ചരട് വലികളിലും നന്ദകുമാറിന്റെ പേര് ഉയർന്നു കേട്ടിരുന്നു.
സിപിഎമ്മിന്റെ ജനകീയ ജാഥയിൽ ഇ പി പങ്കെടുക്കാത്തത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാൽ പാർട്ടിയുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളുള്ളതിനാലാണ് ജാഥയിൽ പങ്കെടുക്കാത്തതെന്നായിരുന്നു ഇ പി യുടെ വിശദീകരണം. ദല്ലാൾ നന്ദകുമാറിന്റെ വീട്ടിലെ ചടങ്ങിൽ ഇപി ജയരാജൻ പങ്കെടുക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയത്.
Discussion about this post