ന്യൂഡൽഹി : റഷ്യൻ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ എന്ത് ചർച്ചയ്ക്കും തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. യുക്രെയ്‌നിൽ നടന്ന അക്രമങ്ങൾ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കാൻ ഇന്ത്യ ശ്രമിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ആരംഭം മുതൽ ഇത് പരിഹരിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. എന്ത് സമാധാന പ്രക്രിയയ്ക്കും സംഭാവന ചെയ്യാൻ ഇന്ത്യ തയ്യാറാണ്. സുരക്ഷയും പ്രതിരോധ സഹകരണവും രാജ്യങ്ങൾ തമ്മിലുളള പങ്കാളിത്തത്തിന്റെ നെടുംതൂണായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരവാദത്തിനും വിഘടനവാദത്തിനുമെതിരായ പോരാട്ടത്തിൽ ഇന്ത്യയും ജർമ്മനിയും തമ്മിൽ ശക്തമായ സഹകരണമാണ് നിലനിർത്തിയത്. അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കാൻ ഒന്നിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെ ആഘാതം കാരണം ഇന്ന് ലോകം ദുരിതമനുഭവിക്കുകയാണെന്നാണ് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞത്. യൂറോപ്യൻ യൂണിയൻ-ഇന്ത്യ സ്വതന്ത്ര വ്യാപാരത്തിനായുള്ള ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
Discussion about this post