പാട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ കസേരയിലിരിക്കാൻ സ്വപ്‌നം കണ്ടു നടക്കുന്ന ജെഡിയു നേതാവിന് മുന്നിൽ ബിജെപി വാതിലുകൾ എന്നന്നേക്കുമായി കൊട്ടി അടച്ചിരിക്കുകയാണെന്നാണ് അമിത് ഷാ പരിഹസിച്ചത്.
2022ലാണ് ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ആർജെഡിയും കോൺഗ്രസുമായി ചേർന്ന് ജെഡിയും മഹാഗഡ്ബന്ധൻ സഖ്യം രൂപീകരിച്ചത്. ” അദ്ദേഹത്തിന് മുന്നിൽ ബിജെപിയുടെ വാതിലുകൾ ഇനിയൊരിക്കലും തുറക്കില്ലെന്ന് ഞങ്ങൾ ഉറപ്പിച്ച് കഴിഞ്ഞു. ജംഗിൾ രാജ് കൊണ്ടു വന്നവരെ പുറത്താക്കി ബിജെപിയെ അധികാരത്തിലെത്തിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്.
അടുത്ത ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേവല ഭൂരിപക്ഷം നേടും. 2020ലും ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപി ആയിരുന്നു. വാഗ്ദാനം പാലിച്ചാണ് നിതീഷ് കുമാറിന് മുഖ്യമന്ത്രി സ്ഥാനം നൽകിയത്. പക്ഷേ തേജസ്വിയെ മുഖ്യമന്ത്രിയാക്കാമെന്ന് നിതീഷ് കുമാർ ലാലു പ്രസാദ് യാദവിന് ഉറപ്പ് നൽകി.തേജസ്വി യാദവ് മുഖ്യമന്ത്രിയായാൽ സംസ്ഥാനത്ത് സമ്പൂർണ ജംഗിൾ രാജ് ആകും നടപ്പാക്കുകയെന്നും അമിത് ഷാ പറഞ്ഞു.








