ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ പിന്തുടരുന്നത് മദ്യം തകർത്ത കുടുംബങ്ങളിലെ അമ്മമാരുടെ ശാപമെന്ന് ബിജെപി. അടുത്ത ഊഴം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റേതാണെന്ന് ബിജെപി നേതാവ് കപിൽ മിശ്ര പറഞ്ഞു. മദ്യനയ കുംഭകോണ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായ പശ്ചാത്തലത്തിലായിരുന്നു ബിജെപിയുടെ പ്രതികരണം.
എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. എഫ് ഐ ആറിൽ പേരുള്ള ദിനേശ് അറോറ ഉൾപ്പെടെയുള്ള മറ്റ് പ്രതികളുമായി സിസോദിയക്ക് ബന്ധം ഉള്ളതായി സിബിഐ കണ്ടെത്തിയിരുന്നു. കേസിലെ പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നും സിസോദിയക്കെതിരായ തെളിവുകൾ ലഭിച്ചതായി സിബിഐ പറയുന്നു.
ചോദ്യം ചെയ്യലിലെ സിസോദിയയുടെ പ്രതികരണം തൃപ്തികരമായിരുന്നില്ല. അന്വേഷണവുമായി സഹകരിക്കാതിരുന്നതും നിർണായകമായ ചോദ്യങ്ങളോട് മുഖം തിരിച്ചതുമായിരുന്നു സിസോദിയയുടെ അറസ്റ്റിന് വഴി വെച്ചത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി ആവശ്യമാണ് എന്ന ഘട്ടത്തിലാണ് അറസ്റ്റ് നടന്നതെന്ന് സിബിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
Discussion about this post