കോഴിക്കോട് : ഒരു വർഷം നീണ്ടു നിൽക്കുന്ന സേവാഭാരതി കോഴിക്കോടിന്റെ രജതോത്സവവും, ആദ്യ പദ്ധതിയായ ശ്രീ മാധവം വിദ്യാർത്ഥിനി സദനവും ഉദ്ഘാടനം ചെയ്ത് കേരളത്തിന്റെ വാനമ്പാടി പത്മഭൂഷൺ കെ എസ് ചിത്ര. സേവന രംഗത്ത് സേവാഭാരതിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് കെഎസ് ചിത്ര പറഞ്ഞു. ഇരുപത്തഞ്ചു വർഷത്തെ സേവനം കൊണ്ട് സമൂഹത്തിൽ ഏറെ നന്മകൾ ചെയ്യാൻ സേവാഭാരതിക്കു ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഭക്തി സാന്ദ്രമായ അന്തരീക്ഷമാണ് സേവാഭാരതി പരിപാടികൾക്കുള്ളതെന്നും അത് സമൂഹത്തിനു ഏറെ ആശ്വാസം പകരുമെന്നും കെഎസ് ചിത്ര അഭിപ്രായപ്പെട്ടു.
സമൂഹത്തെ ഈശ്വരനായി കണ്ടുവേണം സേവന പ്രവർത്തനം നടത്താൻ. അതാണ് വിവേകാനന്ദ സ്വാമികൾക്ക് രാമകൃഷ്ണ പരമഹംസർ നൽകിയ ഉപദേശമെന്ന് മുതിർന്ന സംഘ പ്രചാരകൻ എസ് സേതുമാധവൻ പറഞ്ഞു. സേവനം ഔദാര്യമായി കാണാൻ പാടില്ല. സഹജീവികളെ മാത്രമല്ല പ്രകൃതിയെത്തന്നെ ഈശ്വരനായി കണ്ട്, അതിന്റെ ആരാധന ജീവിത വൃതമായി സ്വീകരിച്ചവരാണ് നമ്മുടെ ഋഷീശ്വരന്മാർ. ദാരിദ്ര്യം ഇല്ലാതിരുന്ന രാജ്യത്തു ദാരിദ്ര്യവും, കഷ്ടപ്പാടും കൊണ്ട് വന്നത് വിദേശ അക്രമികളാണ്. ഭാരതീയ സംസ്കാരത്തിലെ സേവന മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു ഇന്നത്തെ പ്രതിസന്ധികളെ അതിജീവിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സേവനത്തിനു ഏത് കാലത്തെയും അതിജീവിക്കാനുള്ള കഴിവുണ്ടെന്നും, അതുകൊണ്ടു തന്നെ സേവാഭാരതിയുടെ സ്ഥാപനങ്ങൾ വെറും കെട്ടിടങ്ങളല്ല, മറിച്ചു ജീവസ്സുറ്റ സേവാകേന്ദ്രങ്ങളാണെന്നും അനുഗ്രഹ പ്രഭാഷണം നടത്തിയ പി പി മുകന്ദൻ പറഞ്ഞു.
യോഗത്തിൽ സംഘത്തിന്റെയും, സേവാഭാരതിയുടെയും മുതിർന്ന പ്രവർത്തകർ, മറ്റു സംഘടനാ പ്രതിനിധികൾ, സേവന മനസ്കരായ മറ്റു ആളുകളും പങ്കെടുത്തു. സേവാഭാരതി കോഴിക്കോടിന്റെ അദ്ധ്യക്ഷൻ ശ്രീ കെ കൃഷ്ണൻകുട്ടി പരിപാടിയുടെ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. സെക്രട്ടറി വി ദയാനന്ദൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
Discussion about this post