ഇസ്ലാമാബാദ്: യൂറോപ്പിലേക്ക് അഭയാർത്ഥികളുമായി പോയ ബോട്ട് ഇറ്റാലിയൻ തീരത്തിന് സമീപം മുങ്ങി ഉണ്ടായ അപകടത്തിൽ പെട്ട് മരിച്ചവരിൽ 25ഓളം പാകിസ്താനികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. തെക്കൻ ഇറ്റലിയിലെ കലാബ്രിയയിൽ വച്ചാണ് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് തകർന്നത്. 58ഓളം പേരാണ് അപകടത്തിൽ മരിച്ചത്.
81ഓളം പേർ അപകടത്തിൽ രക്ഷപെട്ടിട്ടുണ്ട്. തടി കൊണ്ട് നിർമ്മിച്ച ബോട്ടാണ് അപകടത്തിൽ പെട്ടത്. തുർക്കിയിൽ നിന്ന് യാത്ര ആരംഭിച്ച ബോട്ടിൽ ഇറാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു. അപകടത്തിൽ പാകിസ്താനികളും ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത ആശങ്കയുണ്ടാക്കുന്നതാണെന്നും, എത്രയും വേഗം പരിശോധിച്ച് നടപടിയെടുക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.
27 പേരുടെ മൃതദേഹങ്ങൾ തീരത്ത് അടിഞ്ഞിരുന്നു. യൂറോപ്പിലേക്ക് പോകാൻ ആളുകൾ ഏറ്റവും അധികം തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് തുർക്കി. 2014 മുതൽ ഇത്തരത്തിൽ അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച 17,000ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഈ വർഷം മാത്രം 220ഓളം പേർ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്.












