തെങ്ങ് കയറാൻ ഇനി ആരെയും ആശ്രയിക്കേണ്ട ആവശ്യമില്ല. മരത്തിന് മുകളിൽ കയറാൻ സഹായിക്കുന്ന പുതിയ രീതിയിലുള്ള ബൈക്ക് നിർമ്മിച്ചിരിക്കുകയാണ് 51 കാരനായ കർഷകൻ. കർണാടക സ്വദേശിയായ ബന്ദ്വാൾ കോമാലെ ഗണപതി ഭട്ടാണ് മരം കയറാൻ സഹായിക്കുന്ന ”അരീക്ക ബൈക്ക്” നിർമ്മിച്ചത്.
കർഷകർക്ക് വേഗത്തിൽ തെങ്ങ് കയറാൻ സഹായിക്കുന്ന ഉപകരണമാണിത്. ഈ ബൈക്കിൽ കയറി ഇരുന്നതിന് ശേഷം സ്റ്റാർട്ട് ചെയ്ത് തെങ്ങ് കയറ്റം ആരംഭിക്കാവുന്നതാണ്. മരത്തിന് മുകളിലും ശരീരത്തെ ബാലൻസ് ചെയ്യുന്ന രീതിയിലാണ് നിർമ്മാണം. 360 ഡിഗ്രിയിൽ ഏത് ദിശയിൽ വേണമെങ്കിലും തിരിക്കാൻ സാധിക്കുമെന്നത് മറ്റൊരു സവിശേഷതയാണ്. മരത്തിൽ സുഗമമായി കയറുന്നതിന് വേണ്ടി മെഷീനിൽ വീലുകൾ ഘടിപ്പിച്ചുണ്ട്.
ഒരു ലിറ്റർ പെട്രോൾ ഉപയോഗിച്ച് 70-80 തെങ്ങുകൾ വരെ കയറാനാകും. 45 കിലോയോളം ഭാരമുള്ള മെഷീൻ ട്രോളി രൂപത്തിലാണ് വരുന്നത്. അതുകൊണ്ട് തന്നെ ഇത് ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് വലിച്ച് കൊണ്ടുപോകാനും വളരെ എളുപ്പമായിരിക്കും. ഇത് മരത്തിൽ ഘടിപ്പിക്കാൻ ഒരു മിനിറ്റോളം നേരമെടുക്കും. ബൈക്കിൽ മരം കയറാനും ഒരു മിനിറ്റ് മാത്രമേ എടുക്കൂ.
1.55 ലക്ഷം രൂപയാണ് ബൈക്കിന്റെ യഥാർത്ഥ വില. എന്നാൽ സബ്സിഡിയോടെ 1.12 ലക്ഷം രൂപയ്ക്ക് ലഭിക്കും. നാട്ടിലെ കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബൈക്ക് നിർമ്മിച്ചത് എന്ന് ബന്ദ്വാൾ പറഞ്ഞു.
Discussion about this post