കാബൂൾ : രണ്ട് ഐഎസ് കമാൻഡർമാരെ താലിബാൻ സുരക്ഷാ സേന കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി അഫ്ഗാൻ ഭരണകൂടം. ഐഎസ് ഭീകര സംഘടനയിലെ കൊടും ഭീകരരെയാണ് കൊലപ്പെടുത്തിയത്. കാബൂളിൽ നടന്ന തീവ്രവാദ റെയ്ഡിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത് എന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ ഒരാൾ ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ പ്രവിശ്യയുടെ മുൻ യുദ്ധമന്ത്രിയും ഇന്റലിജൻസ് മേധാവിയുമായ ഖാരി ഫത്തേഹാണെന്ന് മുജാഹിദ് പറഞ്ഞു. കാബൂളിലെ റഷ്യൻ, പാകിസ്താൻ, ചൈനീസ് നയതന്ത്ര ദൗത്യങ്ങൾക്കെതിരെ ഉൾപ്പെടെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്ത ഐഎസ്‌കെപിയുടെ പ്രധാന തന്ത്രജ്ഞനാണ് ഖാരി ഫത്തേഹ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാനിലെ അനുബന്ധ സംഘടനയാണ് ഐഎസ്‌കെപി. താലിബാന്റെ പ്രധാന എതിരാളികളാണിവർ എന്നാണ് പറയപ്പെടുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് ഹിന്ദ് പ്രവിശ്യയുടെ (ഐഎസ്എച്ച്പി) ആദ്യ അമീറും തെക്കൻ അഫ്ഗാനിസ്ഥാനിലെ ഐഎസ്‌കെപിയുടെ മുതിർന്ന നേതാവുമായ ഇജാസ് അഹമ്മദ് അഹാംഗറിനെയും കൊലപ്പെടുത്തിയതായി മുജാഹിദ് സ്ഥിരീകരിച്ചു. അബു ഉസ്മാൻ അൽ-കാശ്മീരി എന്നറിയപ്പെടുന്ന അഹാംഗറിനെ ഈ വർഷം ജനുവരിയിൽ ഇന്ത്യൻ സർക്കാർ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ശ്രീനഗറിൽ ജനിച്ച ഇയാൾ രണ്ട് പതിറ്റാണ്ടിലേറെയായി ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.
2020 മാർച്ചിൽ കാബൂളിലെ ഗുരുദ്വാര കാർട്ട്-ഇ പർവാനിൽ ഒരു സുരക്ഷാ ജീവനക്കാരന്റെയും പ്രാർത്ഥനയ്‌ക്കെത്തിയ 24 പേരുടെയും ജീവൻ അപഹരിച്ച ചാവേർ ആക്രമണത്തിന്റെ സൂത്രധാരൻ അഹാംഗറാണെന്ന് അഫ്ഗാൻ ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. ആക്രമണത്തിൽ മലയാളി ഭീകരൻ ഇജാസ് കല്ലുകെട്ടിയപുരയിലിനും പങ്കുണ്ടായിരുന്നു. ഇയാൾക്ക് അൽ-ഖ്വയ്ദയുമായും മറ്റ് ആഗോള ഭീകര സംഘടനകളുമായും ബന്ധമുണ്ടെന്ന് റിപ്പോർട്ടുണ്ട്.
Discussion about this post