വയനാട്: തനിക്ക് കിടപ്പാടമില്ലെന്ന് പരിതപിച്ച കോൺഗ്രസ് എം പി രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വീട് വെച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി ബിജെപി. വയനാടിന്റെ ഹൃദയഭാഗമായ കൽപ്പറ്റയിൽ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് വെച്ച് നൽകണമെന്നാണ് ബിജെപിയുടെ അപേക്ഷ. ബിജെപി ജില്ലാ പ്രസിഡന്റ് കെ പി മധുവിന്റെ നേതൃത്വത്തിലാണ് മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നൽകിയത്.
52 വയസ്സായിട്ടും സ്വന്തമായി ഭവനമില്ല എന്ന വയനാട് എം പി രാഹുൽ ഗാന്ധിയുടെ പരിവേദനം പ്രകാരമാണ് ഈ അപേക്ഷ നൽകുന്നതെന്ന് ബിജെപി വ്യക്തമാക്കുന്നു. അവധിക്കാലം ചിലവഴിക്കാനെന്ന പോലെ സ്വന്തം മണ്ഡലമായ വയനാട്ടിൽ എത്തുന്ന രാഹുൽ ഗാന്ധിക്ക് ഇത് തന്നെയാണ് വീട് വെക്കാൻ അനുയോജ്യമായ സ്ഥലമെന്നും കെ പി മധു പറയുന്നു.
52 വയസായിട്ടും സ്വന്തമായി വീടില്ലെന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയുടെ പേരിൽ തുടങ്ങിയ ട്രോളുകൾക്ക് ഇപ്പോഴും ശമനമില്ല. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ തന്റെ സമ്പാദ്യം 5 കോടി 80 ലക്ഷം രൂപയാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. തന്റെ ആകെ ആസ്തി 15 കോടി 88 ലക്ഷം രൂപയാണെന്നും രാഹുൽ ഗാന്ധി സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരുന്നു. 2014ലെ തിരഞ്ഞെടുപ്പ് സമയത്ത് 9.4 കോടി രൂപയായിരുന്നു രാഹുൽ ഗാന്ധിയുടെ ആസ്തി.
Discussion about this post