ന്യൂഡൽഹി: ഡൽഹി മന്ത്രിസഭയിലേക്ക് പുതിയ രണ്ട്പേരെ തിരഞ്ഞെടുത്ത് ആംആദ്മി പാർട്ടി.കൈലാഷ് ഗെലോട്ട് രാജ്കുമാർ ആനന്ദ് എന്നിവരെയാണ് മന്ത്രിസഭയിലേക്ക് തിരഞ്ഞെടുത്തത്. മന്ത്രിസഭയിൽ നിന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും രാജിവച്ചതിന് പിന്നാലെയാണ് മന്ത്രിസഭയിലേക്കുള്ള പുതിയ നിയമനം. കൈലാഷ് ഗെലോട്ടിന് ധനകാര്യവകുപ്പും രാജ്കുമാർ ആനന്ദ് വിദ്യാഭ്യാസ വകുപ്പും കൈകാര്യം ചെയ്യുമെന്നാണ് എഎപി വൃത്തങ്ങൾ അറിയിക്കുന്നത്.
രണ്ട് പേരെയും ഉടൻ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. സർക്കാരിൻറെ പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാകാതിരിക്കാനാണ് പെട്ടെന്ന് തന്നെ രണ്ട് പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതെന്നാണ് എഎപി വക്താവ് സൗരഭ് ഭരദ്വാജ് വ്യക്തമാക്കിയത്.
കൈലാഷ് ഗെലോട്ടിന് ധനകാര്യ മന്ത്രാലയത്തിന്റെ ചുമതലയും ആസൂത്രണ വകുപ്പ്, നഗരവികസനം, ജലസേചനം, പൊതുമരാമത്ത് വകുപ്പ്, വൈദ്യുതി, ഭവനം, ജലം തുടങ്ങിയ വകുപ്പുകളുടെ അധിക ചുമതലയും നൽകിയിട്ടുണ്ടെന്നാണ് വിവരം. രാജ് കുമാർ ആനന്ദ് വിദ്യാഭ്യാസ വകുപ്പിന് പുറമെ ലാൻഡ് ആൻഡ് ബിൽഡിംഗ്, ഭാഷ, തൊഴിൽ, വിജിലൻസ്, ടൂറിസം, കലാസാംസ്കാരികം, ആരോഗ്യം, വ്യവസായം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യും.
അഴിമതി കേസുകളിൽ അറസ്റ്റിലായ ഡൽഹി മന്ത്രിമാരായ മനീഷ് സിസോദിയയും സത്യേന്ദ്ര ജയിനും മന്ത്രിസ്ഥാനങ്ങൾ രാജി വെച്ചു. ഞായറാഴ്ച സിബിഐ അറസ്റ്റ് ചെയ്ത മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി അൽപ്പസമയം മുൻപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും രാജി. ഇരുവരുടെയും രാജി സ്വീകരിക്കപ്പെട്ടതായാണ് വിവരം.
Discussion about this post