കൊച്ചി : ശുകപുരം ദക്ഷിണാ മൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി ലേലം നടത്താനുള്ള പദ്ധതി സ്റ്റേ ചെയ്ത് ഹൈക്കോടതി. ബിജെപി ഇന്റെലെക്ച്വൽ സെൽ സംസ്ഥാന കൺവീനറായ അഡ്വ ശങ്കു ടി ദാസ് നൽകിയ ഹർജിയിലാണ് സ്റ്റേ. കേസ് വീണ്ടും പരിഗണിക്കും വരെയുള്ള ഒരു മാസക്കാലം പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും, ക്ഷേത്ര പരിസരത്ത് നിലവിലെ സ്ഥിതി തന്നെ തുടരണമെന്നും ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്തുന്ന യാതൊരു പ്രവർത്തികളിലും ഏർപ്പെടരുതെന്നും നിർദ്ദേശമുണ്ട്.
ക്ഷേത്രവളപ്പിലെ 187 മരങ്ങൾ ലേലം ചെയ്യാനാണ് ദേവസ്വം ബോർഡ് പദ്ധതിയിട്ടത്. നീക്കം പുറത്തറിഞ്ഞതോടെ ഭക്തർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് മലബാർ ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരെ അഡ്വ. ശങ്കു ടി ദാസ് കോടതിയിൽ ഹർജി നൽകിയത്. ഇതോടെ ലേല തീരുമാനം മാറ്റിയതായി ദേവസ്വത്തിന് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ കോടതിയെ അറിയിച്ചു. വിഷയം രേഖാമൂലം അറിയിച്ചു കൊണ്ട് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിപ്പും പുറപ്പെടുവിച്ചു.
കേസിൽ കേരള സർക്കാരിനെയും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും കൂടി കക്ഷി ചേർക്കാൻ ഹർജിക്കാരനോട് നിർദ്ദേശിച്ചുകൊണ്ട് കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവെയ്ക്കുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. വിഷയത്തിൽ കോടതിയുടെ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ ലേലമോ മരം മുറിയോ നടത്താൻ സാധിക്കില്ല.












