ഇൻഡോർ: ആദ്യ സെഷൻ മുതൽ സ്പിന്നർമാർക്ക് അനുകൂലമായ മൂന്നാം ടെസ്റ്റിൽ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പിഴച്ചു. ഓസീസ് സ്പിന്നർ മാത്യു കുനെമാന്റെ 5 വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിൽ ഒന്നാം ഇന്നിംഗ്സിൽ ഓസീസ് ഇന്ത്യയെ 109 റൺസിൽ പുറത്താക്കി. ഓസീസ് സ്പിന്നർ നഥാൻ ലിയോൺ 3 വിക്കറ്റും മർഫി ഒരു വിക്കറ്റും വീഴ്ത്തി.
മോശം ഫോമിന്റെ പേരിൽ വിമർശനം നേരിടുന്ന രാഹുലിന് പകരം ഇറങ്ങിയ ശുഭ്മാൻ ഗില്ലിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. ഗിൽ 21 റൺസുമായി മടങ്ങി. ക്യാപ്ടൻ രോഹിത് ശർമ്മ 12 റൺസിന് പുറത്തായി. മോശം ഫോം തുടരുന്ന പുജാര ഒരു റണ്ണെടുത്ത് കൂടാരം കയറി. പഴയ ഫോമിന്റെ നിഴൽ മാത്രമായ കോഹ്ലി 22 റൺസ് നേടി. കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ഫോം നഷ്ടമായി ഉഴലുന്ന ശ്രേയസ് അയ്യർ പൂജ്യനായി മടങ്ങി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യൻ ജയത്തിൽ നിർണായകമായ റണ്ണുകൾ നേടിയ ജഡേജ 4 റൺസിനും അക്ഷർ പട്ടേൽ 12 റൺസിനും അശ്വിൻ 3 റൺസിനും പുറത്തായത് ടീമിന്റെ ദൗർബല്യം വെളിവാക്കി. വിക്കറ്റ് കീപ്പർ ശ്രീകർ ഭരതും കണ്ണും പൂട്ടി അടിച്ച ഉമേഷ് യാദവും നേടിയ 17 റണ്ണുകൾ ഇന്ത്യൻ സ്കോർ 100 കടത്തി.
മറുപടി ബാറ്റിംഗിൽ ഓസീസ് ഓപ്പണർ ഉസ്മാൻ ഖവാജ ഇന്ത്യൻ ബൗളർമാർക്ക് മേൽ അധീശത്വം സ്ഥാപിക്കുന്നതാണ് കണ്ടത്. ഖവാജ 60 റൺസ് നേടി പുറത്തായി. 31 റൺസെടുത്ത ലബൂഷെയ്ൻ ഖവാജക്ക് ഉറച്ച പിന്തുണ നൽകി. ക്യാപ്ടൻ സ്റ്റീവൻ സ്മിത്ത് 26 റൺസുമായി മടങ്ങി. ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എടുത്തിട്ടുണ്ട്. ഇന്ന് വീണ 4 ഓസീസ് വിക്കറ്റുകളും ജഡേജക്കാണ്. നിലവിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 47 റൺസിന്റെ നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഉള്ളത്.
Discussion about this post