ലക്‌നൗ: ഉമേഷ് പാൽ വധക്കേസ് പ്രതിയും എസ്പി നേതാവുമായ അതിഖ് അഹമ്മദിന്റെ അടുത്ത സഹായികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. സഫർ അഹമ്മദ് അനധികൃതമായി നിർമ്മിച്ച വീടാണ് പ്രയാഗ് രാജ് ഭരണകൂടം പോലീസ് സന്നാഹത്തോടെ എത്തി തകർത്തത്. പ്രയാഗ്രാജിലെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളുടെയും അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിക്കാൻ ബുൾഡോസർ കൊണ്ടുവന്നിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ബുധനാഴ്ച രാവിലെ പ്രയാഗ്രാജ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ (പിഡിഎ) ഉദ്യോഗസ്ഥരെത്തിയാണ് അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിച്ചുനീക്കാനുള്ള നടപടി ആരംഭിച്ചത്. പ്രയാഗ്രാജിലെ കരേലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചാക്കിയ എന്ന സ്ഥലത്താണ് വീട് സ്ഥിതി ചെയ്തിരുന്നത്. കെട്ടിടത്തിന് ഏകദേശം 2.5 കോടി രൂപ വിലമതിക്കുമെന്നാണ് വിവരം.
2005ൽ അന്നത്തെ ബിഎസ്പി എംഎൽഎ രാജു പാലിന്റെ കൊലപാതകത്തിലെ പ്രധാന ദൃക്‌സാക്ഷിയാണ് ഉമേഷ് പാൽ.ഫെബ്രുവരി 24നാണ് ഉമേഷ് പാൽ ഉത്തർപ്രദേശിലെ പ്രയാഗ്രാജിലുള്ള വസതിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്.ആക്രമണത്തിൽ ഉമേഷിനൊപ്പമുണ്ടായിരുന്ന ഒരു പോലീസുദ്യോഗസ്ഥൻ കൊല്ലപ്പെടുകയും മറ്റൊരു സുരക്ഷാ ജീവനക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.ഉമേഷിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട അക്രമികളെ യുപി പോലീസ് തിരിച്ചറിഞ്ഞതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
Discussion about this post