ചെന്നൈ : തമിഴ്‌നാട്ടിൽ ഡിഎംകെ കൗൺസിലറുടെ ക്രൂരമർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട സൈനികൻ പ്രഭുവിന്റെ കുടുംബത്തെ സന്ദർശിച്ച് ബിജെപി നേതാക്കൾ. തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ കുപ്പുസ്വാമി ഉൾപ്പെടെയുള്ളവരാണ് നേരിട്ടെത്തി കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നത്. തുടുർന്ന് 10 ലക്ഷം രൂപയുടെ ചെക്ക് പ്രഭുവിന്റെ ഭാര്യയ്ക്ക് കൈമാറി.
സൈനികനായ പ്രഭുവിന്റെ മരണത്തിൽ ഭരണകക്ഷിയായ ഡിഎംകെയുടെ നിലപാടിനെ അപലപിച്ചുകൊണ്ട് ഫെബ്രുവരി 21ന് ബിജെപി ചെന്നൈയിൽ ഉപവാസവും മെഴുകുതിരി കത്തിച്ച് മാർച്ചും നടത്തിയിരുന്നു.
പൊതുടാങ്കിൽ നിന്നും വെള്ളം എടുത്ത് വസ്ത്രം കഴുകിയതാണ് അക്രമത്തിലേക്ക് നയിച്ചത്. ഇത് കണ്ട ഡിഎംകെ കൗൺസിലർ ചിന്നസ്വാമിയെ വസ്ത്രം കഴുകരുതെന്ന് പ്രഭുവിനെ ചട്ടം കെട്ടി. എന്നാൽ വസ്ത്രം കഴുകുമെന്ന് പ്രഭു തറപ്പിച്ച് പറഞ്ഞു. അന്ന് വൈകീട്ടാണ് ഡിഎംകെ നേതാക്കളുടെ സംഘം പ്രഭുവിനെയും സഹോദരനെയും ക്രൂരമായി മർദിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രഭു ചികിത്സയിലിരിക്കെ മരിച്ചു. 28 വയസായിരുന്നു പ്രഭുവിന്റെ പ്രായം. മാതാപിതാക്കളും ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കഴിഞ്ഞ മാസം എട്ടിനായിരുന്നു പ്രഭു കൊല്ലപ്പെട്ടത്.
കേസിലെ മുഴുവൻ പ്രതികളെ അറസ്റ്റ് ചെയ്തു. എന്നാൽ ഇത് ചെറിയ കാര്യമാണെന്നാണ് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞത്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കുന്നതിനെതിരെയും പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു.
Discussion about this post